എഐസിസി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടെ വന്ദേമാതരം മുഴുവനായി ആലപിച്ചതിനെ ചൊല്ലിയുള്ള വിവാദം കനക്കുന്നു.
ദില്ലി: എഐസിസി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര ആലാപന വിവാദം കടുക്കുന്നു. വന്ദേമാതരം മുഴുവനായി പാടിയതിന് സോണിയ ഗാന്ധി ശകാരിക്കുന്ന ദൃശ്യങ്ങളടക്കം പുറത്ത് വന്നതോടെ കടുത്ത പ്രതിഷേധമറിയിച്ച് വന്ദേമാതരം രചയിതാവ് ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടെ കുടുംബം സോണിയ ഗാന്ധിക്ക് കത്തെഴുതി. സോണിയ ഗാന്ധി മാപ്പ് പറയണമെന്ന് ബങ്കിംചന്ദ്ര ചാറ്റർജിയുടെ കുടുംബാംഗവും ബിജെപി എംഎൽഎയുമായ സുമിത്രോ ചാറ്റർജി ആവശ്യപ്പെട്ടു. സംഭവം നിർഭാഗ്യകരമാണെന്നും ബംഗാൾ ജനതക്ക് കടുത്ത അപമാനമായെന്നും കത്തിൽ പറയുന്നു.
എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര ആലാപന വിവാദത്തില്‍ സോണിയ ഗാന്ധിക്കെതിരെ നിലപാട് കടുപ്പിക്കുകയാണ് ബിജെപി. നിയമനടപടി സ്വീകരിച്ചേക്കുമെന്ന ശക്തമായ സൂചനകള്‍ക്കിടെ സോണിയ മാപ്പ് പറയണമെന്ന ആവശ്യവും ബിജെപി ശക്തമാക്കി. വന്ദേമാതരം പാടേണ്ടെന്നാണ് പാര്‍ട്ടി നയമെന്ന് രാഹുല്‍ ഗാന്ധി പറയുന്ന ദൃശ്യങ്ങള്‍ പുറത്ത് വിട്ടതും ബിജെപി കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി.
വന്ദേമാതരത്തിന്‍റെ ആദ്യ രണ്ട് ചരണങ്ങള്‍ പാടിയാല്‍ മതിയെന്ന നിര്‍ദ്ദേശം ഗായക സംഘത്തിന് നല്‍കാതെ പോയതാണ് ആശയകുഴപ്പത്തിന് കാരണമെന്നാണ് സ്വാതന്ത്ര്യ ദിന ചടങ്ങിന്‍റെ സംഘാടകരായ സേവാദള്‍ അധ്യക്ഷന്‍ ബിഎസ് ശ്രീനിവാസ് ഹൈക്കമാന്‍ഡ് നേതൃത്വത്തിന് മുന്നില്‍ വിശദീകരിച്ച വിവരങ്ങളായി പുറത്ത് വന്ന കാരണങ്ങള്‍.
സംഘാടനത്തിലെ പാളിച്ചയില്‍ പ്രതിഷേധം മറച്ച് വയ്ക്കാതെ സോണിയ ഗാന്ധി പെരുമാറിയതാണ് ബിജെപി ഇപ്പോള്‍ ആയുധമാക്കുന്നത്. സംഭവത്തിന് പിന്നാലെ വന്ദേ മാതരം നമ്മള്‍ പാടാറില്ലെന്ന് രാഹുല്‍ ഗാന്ധി സേവാദള്‍ നേതാക്കളോട് പറയുന്ന ദൃശ്യങ്ങള്‍ കൂടി പുറത്ത് വിട്ട് പാര്‍ലമെന്‍റ് പാസാക്കിയ വന്ദേമാതര നിയമത്തെ കോണ്‍ഗ്രസ് അപമാനിച്ചുവെന്ന ആരോപണം ബി ജെ പി കടുപ്പിക്കുകയാണ്.


