ചൊവ്വാഴ്ച പുലർച്ചെ രണ്ടരയോടെ ബിബിനഗർ ഗട്കേസർ സ്റ്റേഷനുകൾക്കിടയിലാണ് സംഭവം. ആട്ടിൻകൂട്ടം റെയിൽവേ ട്രാക്കിലേക്ക് ഓടിക്കയറിയതിന് പിന്നാലെ ഇതുവഴിയെത്തിയ ട്രെയിൻ ഇടിക്കുകയായിരുന്നു.
ഹൈദരാബാദ്: ട്രെയിനിടിച്ച് 195-ഓളം ആടുകൾ ചത്തു. തെലങ്കാനയിൽ ഓഷാപുരിലാണ് സംഭവം. ന്യൂഡൽഹിയിൽനിന്ന് ഹൈദരാബാദിലേക്ക് പോവുകയായിരുന്ന ദക്ഷിൺ എക്സ്പ്രസ് ഇടിച്ചാണ് ആടുകൾക്ക് ജീവൻ നഷ്ടമായത്. 195-ഓളം ആടുകൾ ചത്തെന്നാണ് ആർപിഎഫ് നൽകുന്ന കണക്ക്. അതേസമയം, 375 ആടുകൾ ചത്തെന്നും 50-ഓളം ആടുകൾക്ക് പരിക്കേറ്റതായും ഉടമയായ ബാലാമണി കിസ്തയ്യ പറഞ്ഞു.
ചൊവ്വാഴ്ച പുലർച്ചെ രണ്ടരയോടെ ബിബിനഗർ ഗട്കേസർ സ്റ്റേഷനുകൾക്കിടയിലാണ് സംഭവം. ആട്ടിൻകൂട്ടം റെയിൽവേ ട്രാക്കിലേക്ക് ഓടിക്കയറിയതിന് പിന്നാലെ ഇതുവഴിയെത്തിയ ട്രെയിൻ ഇടിക്കുകയായിരുന്നു.
റെയിൽവേ ട്രാക്കിന് സമീപത്തെ വളപ്പിലാണ് ആട്ടിൻകൂട്ടത്തെ പാർപ്പിച്ചിരുന്നത്. രാത്രി തെരുവുനായ്ക്കൾ ഇവിടെയെത്തി കുരച്ചത്തോടെ ആടുകൾ ഭയന്ന് സമീപത്തെ റെയിൽവേ ട്രാക്കിലേക്ക് ഓടിക്കയറിയെന്നാണ് നിഗമനം. ആടുകളുടെ ഉടമയായ ബാലാമണി ചൊവ്വാഴ്ച രാവിലെയാണ് സംഭവമറിയുന്നത്. 375-ഓളം ആടുകളെ നഷ്ടമായെന്നും ഏകദേശം 40 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നുമാണ് ബാലാമണി പറയുന്നത്. സർക്കാരിൽനിന്ന് നഷ്ടപരിഹാരം വേണമെന്നും ഇവർ ആവശ്യപ്പെട്ടു.
അതേസമയം, ഇതുവരെയുള്ള കണക്കുകൾ പ്രകാരം 195 ആടുകൾക്ക് ജീവഹാനി സംഭവിച്ചെന്നാണ് ആർപിഎഫ് പറയുന്നത്. വിശദമായ കണക്കെടുത്ത് വരികയാണെന്നും സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും ആർപിഎഫ് ഇൻസ്പെക്ടർ രാകേഷ് മീണ പറഞ്ഞു. ആടുകളുടെ പോസ്റ്റ്മോർട്ടം നടത്തിവരികയാണെന്ന് ബിബിനഗർ തഹസിൽദാർ അശോക് റെഡ്ഡിയും പ്രതികരിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്നും സർക്കാരിൽനിന്ന് സാമ്പത്തിക സഹായം ഉറപ്പുവരുത്താനുള്ള നടപടികൾ സ്വീകരിക്കുമെന്നും തഹസിൽദാർ പറഞ്ഞു.


