ഫണ്ട് തിരിമറിയിൽ തരം താഴ്ത്തൽ നടപടി നേരിട്ട മുൻ ലോക്കൽ സെക്രട്ടറിയെ, സിഐടിയു ജില്ലാ സെക്രട്ടറിയാക്കിയതിൽ പ്രതിഷേധം. പുതിയ പദവി നൽകിയത് മന്ത്രി വി ശിവൻകുട്ടി ഇടപെട്ടെന്നാണ് ആക്ഷേപം.
തിരുവനന്തപുരം സിപിഎമ്മിലും രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആക്ഷേപം. ഫണ്ട് തിരിമറിയിൽ തരം താഴ്ത്തൽ നടപടി നേരിട്ട മുൻ ലോക്കൽ സെക്രട്ടറിയെ, സിഐടിയു ജില്ലാ സെക്രട്ടറിയാക്കിയതിൽ പ്രതിഷേധവുമായി, വഞ്ചിയൂരിൽ കൊല്ലപ്പെട്ട വിഷ്ണുവിന്റെ സഹോദരൻ വിനോദ്. രക്തസാക്ഷിയുടെ കുടുംബത്തോട് പാർട്ടി നീതി കാണിച്ചില്ലെന്നും ഇനി സിപിഎമ്മിനൊപ്പം ഇല്ലെന്നും വിഷ്ണുവിന്റെ സഹോദരനും സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് ബ്രാഞ്ച് അംഗവുമായ വിനോദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കുടുംബത്തെ സഹായിക്കാൻ പിരിച്ച 10 ലക്ഷത്തിൽ പകുതിയും തട്ടിപ്പ് നടത്തിയതിന് നടപടി നേരിട്ട നേതാവിന് പുതിയ പദവി നൽകിയത് മന്ത്രി വി ശിവൻകുട്ടി ഇടപെട്ടെന്നാണ് ആക്ഷേപം. 2008 ഏപ്രിൽ ഒന്നിനാണ് വഞ്ചിയൂർ ബ്രാഞ്ച് അംഗമായിരുന്ന വിഷ്ണു കൊല്ലപ്പെട്ടത്. കേസിൽ പ്രതികളായ ആർഎസ്എസ് പ്രവർത്തകരെ ഹൈക്കോടതി വെറുതെ വിട്ടിരുന്നു.
"പാർട്ടി ഫണ്ട് പിരിക്കണമെന്ന് പറഞ്ഞപ്പോൾ കുടുംബത്തിന് താത്പര്യമുണ്ടായിരുന്നില്ല. നേതാക്കന്മാരെല്ലാവരും നിർബന്ധിച്ചപ്പോഴാണ് സമ്മതിച്ചത്. പിരിച്ചു കിട്ടിയ പണം സഹകരണ ബാങ്കിലാണ് ഇട്ടിരുന്നത്. അന്നത്തെ ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി രവീന്ദ്രൻ ആ കാശ് അവിടെ നിന്ന് എടുത്തെന്ന് അറിഞ്ഞു. 5 ലക്ഷം അമ്മയുടെ അക്കൌണ്ടിൽ കൊടുക്കുകയും 5 ലക്ഷം പാർട്ടി ഹോൾഡ് ചെയ്യുകയും ചെയ്തു. ബാങ്കിൽ നിന്ന് പണം മാറ്റിയെന്ന് സ്ഥിരീകരിച്ചതോടെ രവീന്ദ്രനെ തരംതാഴ്ത്തി. തൊട്ടടുത്ത സമ്മേളനത്തിൽ അയാളെ ലോക്കൽ കമ്മിറ്റിയിലേക്ക് കൊണ്ടുവരാൻ തിരുവനന്തപുരത്തെ മന്ത്രി ഇടപെട്ടു. മുഴുവൻ സഖാക്കളും എതിർത്തതിനാൽ എടുത്തില്ല. സിഐടിയുവിന്‍റെ ജില്ലാ സമ്മേളനം നടക്കുമ്പോൾ തിരുവനന്തപുരത്തെ മന്ത്രി രവീന്ദ്രനെ സിഐടിയു ജില്ലാ സെക്രട്ടറിയാക്കി. ഫണ്ട് തിരിമറി നടത്തിയ ആളിനെ സിഐടിയുവിന്‍റെ ജില്ലാ നേതാവാക്കുന്നതിൽപ്പരം നാണക്കേട് വേറെയുണ്ടോ? അത് ഉൾക്കൊള്ളാനായില്ല. ഇപ്പോഴെങ്കിലും പ്രതികരിച്ചില്ലെങ്കിൽ പിന്നെ എപ്പോഴാണ്?"- വിനോദ് പറഞ്ഞു.


