അമ്മയുടെ മരണശേഷം കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്ന അഭിനയ് തനിച്ചാണ് താമസിച്ചിരുന്നത്. നടന് അടുത്ത ബന്ധുക്കളോ കുടുംബാംഗങ്ങളോ ഉണ്ടായിരുന്നില്ല

ചെന്നൈ: തമിഴ് നടൻ അഭിനയ് കിങ്ങർ അന്തരിച്ചു. കരൾ രോഗ സംബന്ധിയായ ചികിത്സയിലായിരുന്നു 44കാരനായിരുന്ന അഭിനയ് കിങ്ങർ. 2002ൽ ധനുഷ് നായകനായ തുള്ളുവതോ ഇളമൈ എന്ന ചിത്രത്തിലൂടെയാണ് അഭിനയ് ചലചിത്ര രംഗത്തേക്ക് എത്തിയത്. മലയാളം, തമിഴ് സിനിമകളിലായി 15ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അഭിനയ് കൈ എത്തും ദൂരത്ത് എന്ന ഫാസിൽ ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. കോടമ്പാക്കത്തെ രംഗരാജപുരത്തുള്ള വാടക വീട്ടിൽ വെച്ച് പുലർച്ചെ 4 മണിക്കായിരുന്നു മരണം. മുതിർന്ന മലയാള നടി ടി.പി രാധാമണിയുടെ മകനാണ് അഭിനയ്.

 ദേശീയ പുരസ്കാരം നേടിയ ഉത്തരായനം അടക്കം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള രാധാമണി 2019ൽ കാൻസർ രോഗത്തെ തുടർന്ന് മരണമടഞ്ഞിരുന്നു. അമ്മയുടെ മരണശേഷം കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്ന അഭിനയ് തനിച്ചാണ് താമസിച്ചിരുന്നത്. നടന് അടുത്ത ബന്ധുക്കളോ കുടുംബാംഗങ്ങളോ ഉണ്ടായിരുന്നില്ല. ജംഗ്ഷൻ (2002), സിങ്കാര ചെന്നൈ (2004), പൊൻ മേഘലൈ (2005), സൊല്ല സൊല്ല ഇനിക്കും (2009), പാലൈവന സൊലൈ (2009), തുപ്പാക്കി (2012), അഞ്ചാൻ (2014) തുടങ്ങിയ ചിത്രങ്ങളിലും അഭിനയ് ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. 

രോഗത്തേ തുടർന്ന് കുറച്ച് വർഷങ്ങളായി സിനിമയിൽ സജീവമായിരുന്നില്ല. തുപ്പാക്കി, അഞ്ജാൻ എന്നീ ചിത്രങ്ങളിൽ വിദ്യുത് ജംവാലിന് ശബ്ദം നൽകിയത് അഭിനയ് ആയിരുന്നു. ചികിത്സാ ചെലവുകൾ മൂലം സാമ്പത്തികം ക്ഷയിച്ച നടന് സിനിമാ മേഖലയിൽ നിന്ന് പലരും അഭിനയിന്റെ സഹായിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം