പശ്ചിമബംഗാളിൽ 700 കോടി രൂപയുടെ 'അമൂൽ' ഡയറി പ്ലാന്റിന് തറക്കല്ലിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബംഗാളിലേക്ക് ഗുജറാത്തിൽനിന്ന് നിക്ഷേപങ്ങൾ കൊണ്ടുവരുന്നത് ഇനിയും തുടരുമെന്നും ബംഗാളിൽ വരുന്ന പ്ലാന്റ് അമൂലിൻ്റെ ഏറ്റവും വലിയ തൈര് ഉത്പാദന പ്ലാന്റ് ആയിരിക്കുമെന്നും അമിത് ഷാ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
കൊൽക്കത്ത: പശ്ചിമബംഗാളിൽ 700 കോടി രൂപയുടെ 'അമൂൽ' ഡയറി പ്ലാന്റിന് തറക്കല്ലിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബംഗാളിലേക്ക് ഗുജറാത്തിൽനിന്ന് നിക്ഷേപങ്ങൾ കൊണ്ടുവരുന്നത് ഇനിയും തുടരുമെന്നും ബംഗാളിൽ വരുന്ന പ്ലാന്റ് അമൂലിൻ്റെ ഏറ്റവും വലിയ തൈര് ഉത്പാദന പ്ലാന്റ് ആയിരിക്കുമെന്നും അമിത് ഷാ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
തൃണമൂൽ കോൺഗ്രസിന് ഗുജറാത്ത് വിരുദ്ധ മനോഭാവമായിരുന്നു. ഗുജറാത്തിൽനിന്ന് ഒന്നും ബംഗാളിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്നായിരുന്നു അവരുടെ നിലപാട്. ഇപ്പോൾ ബംഗാളിലെ ജനങ്ങൾ ബിജെപിക്ക് വോട്ട് ചെയ്ത് ബിജെപിയെ അധികാരത്തിലേറ്റി. ബംഗാളിലെ ജനങ്ങൾ ഗുജറാത്തിൽനിന്നുള്ള നിക്ഷേപങ്ങൾ ബംഗാളിൽ വരുന്നത് കണ്ടുകൊണ്ടിരിക്കുകയാണ്. ഹൗറയിൽ വരുന്ന പ്ലാന്റ് അമൂലിൻ്റെ ഏറ്റവും വലിയ തൈര് ഉത്പാദന പ്ലാന്റ് ആയിരിക്കും. സംസ്ഥാനത്തെ ചെറുകിട ക്ഷീരകർഷകർക്കെല്ലാം ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും അമിത് ഷാ പറഞ്ഞു. ഹൗറയിലെ പുതിയ പ്ലാന്റിന് പുറമേ ബംഗാളിൽ അമൂലിന്റെ പുതിയ ഐസ്ക്രീം പ്ലാന്റുകൾ സ്ഥാപിക്കുമെന്നും അമിത് ഷാ പ്രഖ്യാപിച്ചു.
അമൂലിൻ്റെ ഐസ്ക്രീം പ്ലാന്റുകൾക്കായുള്ള ഭൂമി ബംഗാളിൽ തയ്യാറാണെന്ന് ചടങ്ങിൽ സംസാരിച്ച മുഖ്യമന്ത്രി സുവേന്ദു അധികാരിയും പറഞ്ഞു. സംസ്ഥാനത്തിന്റെ വടക്കു,തെക്കു മേഖലകളിലായി 15 ഏക്കർ ഭൂമി വീതം അമൂലിന് നൽകുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
ഹൗറയിലെ സംഗറെയിൽ ഫുഡ് പാർക്കിലാണ് ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന അമൂൽ പുതിയ പ്ലാന്റ് നിർമിക്കുന്നത്. പ്ലാന്റ് പൂർണമായും പ്രവർത്തന സജ്ജമാകുന്നതോടെ ദിനംപ്രതി 30 ലക്ഷം ലിറ്റർ പാലും 10 ലക്ഷം ലിറ്റർ തൈരും ഇവിടെനിന്ന് ഉത്പാദിപ്പിക്കാനാകും. ഏകദേശം ആയിരത്തോളം പേർക്ക് നേരിട്ട് തൊഴിലവസരവും ലഭിക്കും.


