പശ്ചിമ ബംഗാളിലെ ഹൗറയിൽ യുവാവ് ജീവനൊടുക്കി. ഐഡി കാർഡിലെ അക്ഷരത്തെറ്റ് തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ പൗരത്വം തെളിയിക്കുന്നതിന് തടസ്സമാകുമോ എന്ന ഭീതിയാണ് മരണകാരണമെന്ന് കുടുംബം പറയുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ തൃണമൂൽ കോൺഗ്രസ്രംഗത്തെത്തി.

ഹൗറ: തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണവുമായി മുന്നോട്ട് പോകുന്ന തെരഞ്ഞെടുപ്പ് കമ്മീഷനും, ഇതിനെ എതിർത്ത് സംസ്ഥാന സർക്കാരും പരസ്പരം കൊമ്പുകോർക്കുന്നതിനിടെ പശ്ചിമ ബംഗാളിൽ യുവാവ് ജീവനൊടുക്കി. ഹൗറ സ്വദേശി 30 കാരനായ ജാഹിർ മാലാണ് മരിച്ചത്. ഉലുബെരിയയിലെ ഖലിസനി സ്വദേശിയായിരുന്നു. ഇന്ന് രാവിലെ വീടിനുള്ളിൽ തൂങ്ങമരിച്ച നിലയിലാണ് ഇദ്ദേഹ്ത്തെ കണ്ടെത്തിയത്. ഐഡി കാർഡിലെ പേരിൽ അക്ഷരത്തെറ്റ് കണ്ടെത്തിയതിനെ തുടർന്ന് യുവാവ് കടുത്ത മനോവിഷമത്തിലായിരുന്നു എന്നാണ് കുടുംബം പറയുന്നത്.

ഐഡി കാർഡിൽ തെറ്റ് കണ്ടതിന് പിന്നാലെ ജാഹിർ ഇത് തിരുത്തിക്കാനായി പല ഓഫീസുകളും കയറിയിറങ്ങി. തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ പൗരത്വം തെളിയിക്കുന്നതിൽ ഈ അക്ഷരത്തെറ്റ് വെല്ലുവിളിയാകുമെന്ന് കരുതിയാണ് അക്ഷരത്തെറ്റ് തിരുത്താൻ ശ്രമം തുടങ്ങിയത്. എന്നാൽ എവിടെ നിന്നും പരിഹാരം സാധ്യമാകാതെ വന്നതോടെയാണ് ഇയാൾ ജീവനൊടുക്കിയതെന്ന് പൊലീസ് പറയുന്നു.

തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി സംസ്ഥാന മന്ത്രി പുലക് റോയിയോട് ഉടൻ മരിച്ചയാളുടെ വീട് സന്ദർശിക്കാനും കുടുംബാംഗങ്ങളോട് സംസാരിക്കാനും നിർദേശം നൽകി. ഒരാഴ്ചക്കിടെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണ ഭീതിയിൽ സംസ്ഥാനത്ത് ഏഴ് പേർ ജീവനൊടുക്കിയെന്നും അഭിഷേക് ബാനർജി കുറ്റപ്പെടുത്തുന്നു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)