കൊൽക്കത്തയിലെയും ഹൗറയിലെയും ബിജെപി പ്രകടനങ്ങൾ അക്രമാസക്തമായതിന് പിന്നാലെ ചേർന്ന തൃണമൂൽ കോൺ​ഗ്രസ് യോ​ഗത്തിലായിരുന്നു മന്ത്രി ഉദയൻ ​ഗുഹയുടെ പ്രസ്താവന. 

കൊൽക്കത്ത: ഒരു തൃണമൂൽ കോൺ​ഗ്രസ് പ്രവർത്തകനെ ആക്രമിച്ചാൽ രണ്ട് ബിജെപി പ്രവർത്തകരെ തരിച്ചാക്രമിക്കുമെന്ന് മുന്നറിയിപ്പുമായി പശ്ചിമബം​ഗാൾ മന്ത്രി. കൊൽക്കത്തയിലെയും ഹൗറയിലെയും ബിജെപി പ്രകടനങ്ങൾ അക്രമാസക്തമായതിന് പിന്നാലെ ചേർന്ന തൃണമൂൽ കോൺ​ഗ്രസ് യോ​ഗത്തിലായിരുന്നു മന്ത്രി ഉദയൻ ​ഗുഹയുടെ പ്രസ്താവന. 

"നമ്മൾ കൈകളിൽ വളയിട്ട് ഇരിക്കുകയല്ല. നമ്മുടെ ആൺകുട്ടികൾ ആക്രമിക്കപ്പെട്ടാൽ, നമ്മൾ വെറുതെയിരിക്കുമെന്ന് അവർ വിചാരിക്കരുത്. നമ്മളിലൊന്നിനെ തൊട്ടാൽ, അവർക്കോർമ്മയുണ്ടാകണം രണ്ട് പേരെ ആക്രമിച്ചാകും നമ്മൾ തിരിച്ചടിക്കുകയെന്ന്". ഉദയൻ ​ഗുഹ പറഞ്ഞു. 

വിഡ്ഢിത്തം വിളമ്പുന്ന തൃണമൂൽ നേതാക്കളിൽ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ലെന്നാണ് ഉദയൻ ​ഗുഹയുടെ പ്രസ്താവനയോടുള്ള ബിജെപിയുടെ പ്രതികരണം. തൃണമൂൽ നേതാക്കളുടെ ദുഷ്പ്രവർത്തികൾ വെളിവാക്കപ്പെടുന്നതിലുള്ള നിരാശയും പരിഭ്രമവുമാണ് ഇത്തരം പ്രസ്താവനകൾക്ക് പിന്നിലെന്നും ബിജെപി സംസ്ഥാന വക്താവ് സമിക് ഭട്ടാചാര്യ പ്രതികരിച്ചു. 

അതേസമയം, ബംഗാളിലെ ബിജെപി മാർച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ സംസ്ഥാന അഭ്യന്തരവകുപ്പ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. ബിജെപി നേതാക്കളെ സമര സ്ഥലത്ത് പ്രവേശിപ്പിക്കാത്തതില്‍ സർക്കാര്‍ വിശദീകരണം നല്‍കും. അനാവശ്യ അറസ്റ്റ് ഉണ്ടാകരുതെന്ന് കോടതി പൊലീസിന് നിർദേശം നല്‍കിയിട്ടുണ്ട്.
.
പശ്ചിമബംഗാളിലെ സെക്രട്ടറിയേറ്റിലേക്ക് ഇന്നലെ നടന്ന ബിജെപി മാർ‍ച്ചില്‍ പൊലീസും സമരക്കാരും തമ്മില്‍ വലിയ ഏറ്റുമുട്ടലാണ് ഉണ്ടായത്. ഇതിൽ ഇടപെട്ട ഹൈക്കോടതി ഇന്നലെ ആഭ്യന്തര സെക്രട്ടറിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയായിരുന്നു. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിക്കെതിരെ നടപടിയുണ്ടാകരുതെന്ന ഉത്തരവ് ഉണ്ടായിട്ടും എന്തുകൊണ്ടാണ് അറസ്റ്റ് ചെയ്തതെന്നതിലും കോടതി വിശദീകരണം തേടിയിട്ടുണ്ട്. സമരത്തിനെത്തിയ പ്രതിപക്ഷ നേതാവ് , ലോക്കറ്റ് ചാറ്റർജി എം പി എന്നിവരെയടക്കമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഘര്‍ഷത്തില്‍ 363 പ്രവർത്തകർക്ക് പരിക്കേറ്റെന്നും 35 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നുമാണ് ബിജെപി പറയുന്നത്. പരിക്കേറ്റവരില്‍ മുതിര്‍ന്ന നേതാവ് സ്വപൻദാസ് ഗുപ്തയുമുണ്ട്. രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരടക്കം 27 പൊലീസ് ഉദ്യോഗസ്ഥര്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഒരു പൊലീസ് വാഹനവും സമരക്കാര്‍ കത്തിച്ചിരുന്നു.

സംഘർത്തില്‍ 90 പേരെ ബംഗാള്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നിയമസഭ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം ബംഗാളിൽ ബിജെപി നടത്തുന്ന ഏറ്റവും വലിയ പ്രതിഷേധ പരിപാടിയായിരുന്നു ഇന്നലത്തേത്. തൃണമൂല്‍ സർക്കാരിനെതിരെ ഉയരുന്ന അഴിമതി ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. ബിജെപി നേതാവ് മീന ദേവി പുരോഹിതിനെ പുരുഷ പൊലീസ് മർദ്ദിച്ചുവെന്ന ആരോപണത്തിന്‍റെ അടിസ്ഥാനത്തില്‍ ദേശീയ വനിത കമ്മീഷനും ആഭ്യന്തര വകുപ്പിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

Read Also; കോണ്‍ഗ്രസ് സര്‍ക്കാര്‍ ക്ഷണിച്ചു, മാതാ കൗശല്യ ക്ഷേത്രം സന്ദർശിച്ച് ആര്‍എസ്എസ് മേധാവി