ബെംഗളൂരു - മുംബൈ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ ഉടൻ അവതരിപ്പിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ബെംഗളൂരുവിനും മുംബൈയ്ക്കുമിടയിൽ കഴിഞ്ഞ ദിവസം സർവീസ് ആരംഭിച്ച എക്സ്പ്രസ് ട്രെയിനിൻ്റെ ഉദ്ഘാടനവേളയിലാണ് മന്ത്രി വന്ദേ ഭാരത് സ്ലീപ്പറിനെക്കുറിച്ച് പ്രതികരിച്ചത്. 

ബെംഗളൂരു: ബെംഗളൂരു - മുംബൈ യാത്രക്കാർ കാത്തിരിക്കുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിനെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ പങ്കുവെച്ചിരിക്കുകയാണ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ബെംഗളൂരുവിനും മുംബൈയ്ക്കുമിടയിൽ കഴിഞ്ഞ ദിവസം സർവീസ് ആരംഭിച്ച എക്സ്പ്രസ് ട്രെയിനിൻ്റെ ഉദ്ഘാടനവേളയിലാണ് ഇതേ റൂട്ടിൽ വന്ദേ ഭാരത് എക്സ്പ്രസ് സ്ലീപ്പർ ട്രെയിൻ എപ്പോൾ ഓടിത്തുടങ്ങുമെന്നത് സംബന്ധിച്ച് അശ്വിനി വൈഷ്ണവ് സൂചന നൽകിയത്. രാജ്യത്തെ ആ​ദ്യ വന്ദേ ഭാരത് സ്ലീപ്പ‍ർ ട്രെയിൻ ബംഗാളിലെ ഹൗറയ്ക്കും അസമിലെ ​ഗുവാഹത്തിക്കും ഇടയിൽ സ‍ർവീസ് ആരംഭിച്ചതിന് പിന്നാലെയാണ് ബെം​ഗളൂരു - മുംബൈ വന്ദേ ഭാരത് സ്ലീപ്പറിന് കേന്ദ്ര റെയിൽവേ മന്ത്രാലയം അം​ഗീകാരം നൽകിയിരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബെംഗളൂരു - മുംബൈ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഉടൻ അവതരിപ്പിക്കുമെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം. ബെംഗളൂരു സിറ്റി റെയിൽവേ സ്റ്റേഷനിൽനിന്ന് (കെഎസ്ആർ ബെംഗളൂരു) മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിലേക്കുള്ള വന്ദേ ഭാരത് സ്ലീപ്പർ സ‍വീസിനാണ് റെയിൽവേ മന്ത്രാലയം അംഗീകാരം നൽകിയിരുന്നത്. നിലവിൽ ബെം​ഗളൂരുവിനും മുംബൈയ്ക്കും ഇടയിലുള്ള ട്രെയിൻ യാത്രാ സമയം 21 മുതൽ 23 മണിക്കൂ‍ർ വരെയാണ്. വന്ദേ ഭാരത് സ്ലീപ്പ‍ർ ഓടിത്തുടങ്ങിയാൽ യാത്രാസമയം 15 മുതൽ 17 മണിക്കൂർ വരെയായി കുറയും. ഇത് ഈ റൂട്ടിലെ പതിവ് യാത്രക്കാർ ഏറെ അനു​ഗ്രഹമാകും.

ഇന്ത്യയുടെ രണ്ടാമത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനാണ് ബെം​ഗളൂരു - മുംബൈ റൂട്ടിൽ സർവീസ് ആരംഭിക്കുക. ഹൗറയ്ക്കും ​ഗുവാഹത്തിക്കും ഇടയിൽ പൂർണമായും ശീതീകരിച്ച 16 ആധുനിക സ്ലീപ്പ‍ർ കോച്ചുകളുള്ള ട്രെയിനാണ് സർവീസ് നടത്തുന്നത്. ഇതിൽ 11 ത്രീ-ടയ‍ർ എസി കോച്ചുകളും നാല് ടു - ടയ‍ർ എസി കോച്ചുകളും ഒരു ഫസ്റ്റ് എസി കോച്ചുമാണ്. 823 ബെ‍ർത്തുകളിൽ 611 എണ്ണം 3എസിയും 188 എണ്ണം 2എസിയും 24 എണ്ണം 1എസിയിലും ആണ്. സമാന ട്രെയിൻ തന്നെയാകും ബെം​ഗളൂരു - മുംബൈ റൂട്ടിലും സ‍ർവീസ് നടത്തിയേക്കുക. പൂനെ, സോലാപു‍ർ, കൽബുർ​ഗി, റായ്ചുർ, ​ഗുണ്ടക്കൽ എന്നീ പ്രധാന കേന്ദ്രങ്ങളിലൂടെ ആണ് ട്രെയിൻ കടന്നുപോകും. വന്ദേ ഭാരതിൻ്റെ പരമാവധി വേ​ഗത മണിക്കൂറിൽ 180 കിലോമീറ്ററാണ്.

കഴിഞ്ഞ മാസം പുറത്തുവന്ന റിപ്പോർട്ടിൽ ബെം​ഗളൂരു - മുംബൈ റൂട്ടിൽ ഓ​ഗസ്റ്റ് ഒന്നുമുതലാകും വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് ആരംഭിക്കുക എന്ന് വ്യക്തമാക്കിയിരുന്നു. വൈകുന്നേരങ്ങളിലാകും ട്രെയിൻ പുറപ്പെടുക എന്നാണ് റിപ്പോർട്ട്. ഇതുവഴി രാത്രിയിൽ യാത്ര ചെയ്ത് പിറ്റേന്ന് പുലർച്ചെ യാത്രക്കാർക്ക് ബെം​ഗളൂരുവിലോ മുംബൈയിലോ എത്തിച്ചേരാനാകും.