ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യുന്ന ജാമിയ മിലിയ വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. ഞായറാഴ്ച അര്‍ധരാത്രിയാണ് ആസാദ് ക്യാമ്പസിലെത്തിയത്. കാറിന് മുകളില്‍ കയറിയിരുന്നാണ് ആസാദ് വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്തത്. ഞാനിവിടെ വന്നത് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനാണ്. സഹോദരങ്ങള്‍ വിയര്‍പ്പൊഴുക്കുമ്പോള്‍ ഞങ്ങള്‍ രക്തം നല്‍കും.

പൊലീസിന്‍റെ ആദ്യ ബുള്ളറ്റ് ഏറ്റുവാങ്ങാനാണെന്നും ആസാദ് പറഞ്ഞു. കൈയടികളോടെയാണ് അദ്ദേഹത്തിന്‍റെ പ്രസംഗം വിദ്യാര്‍ഥികള്‍ സ്വീകരിച്ചത്. സിപിഎം പിബി അംഗം വൃന്ദ കാരാട്ട്, സിപിഐ ദേശീയ സെക്രട്ടറി ഡി രാജ എന്നിവരും ഐക്യദാര്‍ഢ്യവുമായി സര്‍വകലാശാലയിലെത്തി. ഞായറാഴ്ചയാണ് ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ സമരം രൂക്ഷമായത്. പൊലീസ് ക്യാമ്പസിനുള്ളില്‍ കയറി വിദ്യാര്‍ഥികളെ നേരിട്ടെങ്കിലും സമരത്തിന് അയവു വന്നിട്ടില്ല. തിങ്കളാഴ്ചയും സമരം തുടരുകയാണ്.