'ഇഡിയെ ഉപയോഗിച്ച് ഭയപ്പെടുത്താൻ നോക്കണ്ട, 3 വർഷമായി അന്വേഷണ ഏജൻസികൾ പിന്നാലെ, ഒന്നും കണ്ടെത്താനായില്ല'
ഛത്തീസ്ഗഡിലെ വിജയം കോൺഗ്രസിന് ലോക്സഭയിൽ കരുത്തേകുമെന്നും ജനങ്ങൾ നൽകുന്ന സ്നേഹം വോട്ടാകുമെന്നും ബാഗേൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

റായ്പൂർ: ഇഡിയെ ഉപയോഗിച്ച് ഭയപ്പെടുത്താൻ നോക്കേണ്ടെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കവേ ആയിരുന്നു ബാഗേലിന്‍റെ പ്രതികരണം. മൂന്ന് വർഷമായി തൻ്റെ പിന്നാലെ അന്വേഷണ ഏജൻസികളുണ്ടെന്നും തനിക്കെതിരെ ഒന്നും കണ്ടെത്താനായില്ല എന്നും ഭൂപേഷ് ബാഗേൽ വ്യക്തമാക്കി. മോദിയും അമിത് ഷായും കൂടാതെ ഇഡിയും രാഷ്ട്രീയ ജോലി ഏറ്റെടുക്കുന്നുവെന്നും ബാഗേൽ വിമർശിച്ചു.
ജാതി സെൻസസ് ഛത്തീസ്ഗഡിൽ മാത്രമല്ല രാജ്യത്ത് ഒട്ടാകെ നടപ്പാക്കണം. സാമൂഹിക പിന്നോക്കാവസ്ഥ പഠിക്കാൻ ഇതു വേണമെന്നും ബാഗേൽ അഭിപ്രായപ്പെട്ടു. കേന്ദ്ര സർക്കാർ വാഗ്ദാനങ്ങൾ മാത്രം നൽകുന്നു. അതേ സമയം ജനങ്ങൾക്ക് നൽകുന്ന വാഗ്ദാനം കോൺഗ്രസ് നടപ്പാക്കുന്നു. കൂട്ടായ നേതൃത്വത്തിലാണ് പാർട്ടി മുന്നോട്ട് പോകുന്നത്. ഛത്തീസ്ഗഡിലെ വിജയം കോൺഗ്രസിന് ലോക്സഭയിൽ കരുത്തേകുമെന്നും ജനങ്ങൾ നൽകുന്ന സ്നേഹം വോട്ടാകുമെന്നും ബാഗേൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഇഡിയെ ഉപയോഗിച്ച് ഭയപ്പെടുത്താൻ നോക്കേണ്ട
മഹാദേവ് വാതുവയ്പ് കേസില്‍ ഛത്തീസ് ഘട്ട് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെതിരായ ഇഡി റിമാന്‍ഡ് റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചിരുന്നു. മഹാദേവ് ആപ്പില്‍ നിന്നുള്ള ഹവാല പണവുമായി പിടികൂടിയ അസിംദാസ് മുഖ്യമന്ത്രിയുമായുള്ള ബന്ധം സമ്മതിച്ചെന്ന് ഇഡി അവകാശപ്പെടുന്നു. കുരുക്കുമുറുക്കി വൈകാതെ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് ഇഡി. റായ്പൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലും മഹാദേവ് ഹവാല റാക്കറ്റുമായി ബന്ധമുണ്ടെന്ന് ഇഡി സ്ഥാപിക്കുന്നത്.
അസിംദാസിന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ മുഖ്മന്ത്രി ഭൂപേഷ് ബാഗേലിനെ ഉടന്‍ ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം. ഇഡിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഉദ്ധരിച്ച് പ്രധാനമന്ത്രി തന്നെ ബാഗേലിനെതിരായ വിമര്‍ശനം കടുപ്പിച്ചത് രാഷ്ട്രീയ പിന്തുണയുടെയും സൂചനയായി. അതേ സമയം ഇഡി സ്വയം മെനഞ്ഞ തിരക്കഥയാണ് റിമാന്‍ഡ് റിപ്പോര്‍ട്ടെന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ പ്രതികരിച്ചു. പ്രതിച്ഛായ തകര്‍ത്ത് തെരഞ്ഞെടുപ്പ് വിജയം നേടാമെന്ന് ബിജെപി വ്യാമോഹിക്കേണ്ടെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു.