യോഗി ആദിത്യനാഥിനെതിരായ കാവി പരാമർശത്തിൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ പിന്തുണച്ച ബാഗേൽ  ഉത്തർപ്രദേശിലെ ജാതി വിഭജനം യോഗി പ്രോത്സാഹിപ്പിക്കുകയാണെന്നും പറഞ്ഞു.

റായ്പൂർ: ഭോപ്പാൽ എംപി പ്രഗ്യാ സിംഗ് താക്കൂറിനെതിരെ വിമർശനവുമായി ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ. പ്രഗ്യാ സിംഗ് വായ തുറക്കുമ്പോഴെല്ലാം വിഷം വമിപ്പിക്കുന്നുവെന്ന് ബാഗേൽ പറഞ്ഞു. യോഗി ആദിത്യനാഥിനെതിരായ കാവി പരാമർശത്തിൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ പിന്തുണച്ച ബാഗേൽ ഉത്തർപ്രദേശിലെ ജാതി വിഭജനം യോഗി പ്രോത്സാഹിപ്പിക്കുകയാണെന്നും പറഞ്ഞു.

"പ്രഗ്യാ സിംഗ് താക്കൂറിനെ ഞാൻ ഒരു സന്ന്യാസിയായി കണക്കാക്കുന്നില്ല. വായ തുറക്കുമ്പോഴെല്ലാം പ്ര​ഗ്യാ സിം​ഗ് വിഷം വിതറുകയാണ്. ഇത് ഒരു യഥാർത്ഥ സന്ന്യാസിയുടെ സ്വഭാവമല്ല. യോ​ഗി ആദിത്യനാഥ് കാവി ധരിക്കുന്നു, പക്ഷേ ലൗകികത ത്യജിച്ചിട്ടില്ല. അദ്ദേഹം തന്റെ കസേരയിൽ പറ്റിയിരിക്കുകയാണ്. ഇന്ത്യയിലെ യഥാർത്ഥ സന്ന്യാസിമാർ കാവി നിറം ത്യാഗത്തിന്റെ പ്രതീകമായാണ് സ്വീകരിക്കുന്നത്. ഇന്ന് ഉത്തർപ്രദേശിൽ ജാതി വിഭജനം കാണാം, അതിനെ യോഗി ആദിത്യനാഥ് പ്രോത്സാഹിപ്പിക്കുകയാണ്"-ഭൂപേഷ് ബാഗേൽ പറഞ്ഞു.

പ്രിയങ്ക ​ഗാന്ധിയുടെ കാവി പരാമർശത്തിന് പിന്നാലെയാണ് ഭൂപേഷ് ബാഗേലും രം​ഗത്തെത്തിയിരിക്കുന്നത്. തിങ്കളാഴ്ച നടന്ന പത്രസമ്മേളനത്തിലാണ് പ്രിയങ്ക ഗാന്ധി യോഗി ആദിത്യനാഥിനെതിരെ രംഗത്തെത്തിയത്. യുപിയുടെ മുഖ്യമന്ത്രി തന്നെ പ്രതിഷേധകരെ തടവിലാക്കുകയും അവരുടെ വസ്തുവകകള്‍ പിടിച്ചെടുക്കുമെന്നും ലേലം ചെയ്യുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതെന്ന് പ്രിയങ്ക ആഞ്ഞടിച്ചിരുന്നു. ഇതിന് മറുപടിയായി യോ​ഗി ആദിത്യനാഥും രംഗത്തെത്തിയിരുന്നു.

Read Also: 'സന്യാസിയുടെ സേവനം തടസ്സപ്പെടുത്തിയാല്‍ ശിക്ഷിക്കപ്പെടും'; പ്രിയങ്കയ്ക്ക് മുന്നറിയിപ്പ് നല്‍കി ആദിത്യനാഥ്

പ്രിയങ്ക ​ഗാന്ധി വ്യാജ ​ഗാന്ധിയാണെന്നും അതിനാൽ കാവി എന്താണെന്ന് അവർക്ക് മനസിലാക്കാൻ സാധിക്കില്ലെന്നും കേന്ദ്രമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അവരുടെ പേരിലെ ഗാന്ധിയെ മാറ്റി ‘ഫിറോസ് പ്രിയങ്ക’ എന്നാക്കണമെന്നും നിരഞ്ജന്‍ ജ്യോതി ആവശ്യപ്പെട്ടിരുന്നു.

Read More: പ്രിയങ്ക വ്യാജ ഗാന്ധി: പേര് മാറ്റി ‘ഫിറോസ് പ്രിയങ്ക’ എന്നാക്കണമെന്ന് സാധ്വി നിരഞ്ജന്‍ ജ്യോതി