ദില്ലി: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുണ്ടായ വ്യോമ സംഘർഷത്തിനിടെ ഇന്ത്യയുടെ ഹെലികോപ്റ്റർ തകർന്ന് വീണത് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ പിഴവാണെന്ന് വ്യോമസേനാ മേധാവി. ശ്രീനഗറിൽ ഹെലികോപ്റ്റർ തകർന്ന് വീണ് ആറ് പേർ മരിച്ചത് വ്യോമസേനയുടെ പോർവിമാനത്തിൽ നിന്നുതിർത്ത മിസൈൽ കൊണ്ടാണെന്ന്  ചീഫ് ഓഫ് എയർ സ്റ്റാഫ് രാകേഷ് കുമാർ സിംഗ് ബദൗരിയ പറഞ്ഞു.

പാക് ഹെലികോപ്റ്റർ എന്ന് തെറ്റിദ്ധരിച്ചാണ് വെടിയുതിർത്തതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും  കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. 

റഷ്യൻ നിർമ്മിത എംഐ 17 ഹെലികോപ്റ്ററാണ് ഫെബ്രുവരി 27 ന് തകർന്നത്. ബാലകോട്ട് ഇന്ത്യ നടത്തിയ ആക്രമണത്തിന് പ്രത്യാക്രമണം നടത്താനായി അതിർത്തി കടന്നെത്തിയ പാക് വ്യോമസേനയെ പ്രതിരോധിക്കുകയായിരുന്നു ഇന്ത്യ. ജമ്മു കശ്മീരിലെ നൗഷേര സെക്ടറിന് മുകളിലായിരുന്നു ഈ സമയത്ത് ഹെലികോപ്റ്റർ. പാക് ഹെലികോപ്റ്ററാണിതെന്ന് തെറ്റിദ്ധരിച്ച് ഇന്ത്യൻ എയർഫോഴ്സ് പോർവിമാനത്തിൽ നിന്നുതിർത്ത വെടിയാണ് അപകടം സൃഷ്ടിച്ചത്. ഇതിലുണ്ടായിരുന്ന ആറ് ഇന്ത്യൻ സൈനികരും മരിച്ചിരുന്നു.

ഇവരുടേത് യുദ്ധത്തിനിടയിലുണ്ടായ മരണമായി പ്രഖ്യാപിക്കുമെന്ന് വ്യോമസേന മേധാവി പറഞ്ഞു. കേസിൽ അന്വേഷണം പൂർത്തിയായെന്നും അബദ്ധത്തിലാണ് വെടിയുതിർത്തതെന്നും അദ്ദേഹം പറഞ്ഞു. ബാലാകോട്ട് മിന്നലാക്രമണം ലക്ഷ്യം കണ്ടുവെന്നും പാകിസ്ഥാൻറെ ഏതു നീക്കത്തിനും ശക്തമായ തിരിച്ചടി നല്കുമെന്നും അദ്ദേഹം പറഞ്ഞു.  ആക്രമണം വിജയമെന്ന് വ്യക്തമാക്കി വ്യോമസേനയുടെ വീഡിയോ അദ്ദേഹം പുറത്തുവിട്ടു. 

ഇന്ത്യാ-പാക് സംഘർഷ സമയത്ത് ഹെലികോപ്റ്റർ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിൽ വീഴ്ച സംഭവിച്ചിരുന്നു. ഹെലികോപ്റ്റർ ബേസിലോക്കോ, അല്ലെങ്കിൽ ആകാശത്ത് സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്കോ മാറ്റേണ്ടതായിരുന്നു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ സംരക്ഷിക്കില്ലെന്നാണ് മുൻ നാവിക സേനാ മേധാവി ബിഎസ് ധനോവ പറഞ്ഞിരുന്നത്.