കർണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറിനും വി ഡി സതീശനും നേരെ മെറ്റാ സ്മാർട്ട് ഗ്ലാസുകൾ ഉപയോഗിച്ച് രഹസ്യ സ്റ്റിംഗ് ഓപ്പറേഷൻ നടത്താൻ ശ്രമം നടന്നതായി വെളിപ്പെടുത്തൽ. ഒരു പ്രമുഖ വ്യവസായിയാണ് കൂടിക്കാഴ്ചയ്ക്കിടെ ദൃശ്യങ്ങൾ പകർത്തി നേതാക്കളെ കുടുക്കാൻ ശ്രമിച്ചത്. സംഭവത്തിൽ കൃത്യമായ തെളിവുകളുണ്ടെന്നും ഡി.കെ ശിവകുമാർ വ്യക്തമാക്കി.

ബംഗളൂരു: കർണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറിനും കേരള മുഖ്യമന്ത്രി വി ഡി സതീശനും നേരെ രഹസ്യ സ്റ്റിംഗ് ഓപ്പറേഷൻ നടത്താൻ നീക്കം നടന്നതായി വെളിപ്പെടുത്തൽ. ഒരു പ്രമുഖ വ്യവസായി തങ്ങളെ ലക്ഷ്യമിട്ട് ക്യാമറ ഘടിപ്പിച്ച മെറ്റാ സ്മാർട്ട് ഗ്ലാസുകൾ ധരിച്ചെത്തി ദൃശ്യങ്ങൾ പകർത്തി കുടുക്കാൻ ശ്രമിച്ചതായി കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ കന്നഡ വാർത്താ ചാനലായ ഏഷ്യാനെറ്റ് സുവർണ്ണ ന്യൂസിന് നൽകിയ അഭിമുഖത്തിൽ ആരോപിച്ചു.

ഉദ്യോഗസ്ഥർ മുഖേന മുൻകൂട്ടി അനുമതി വാങ്ങിയെത്തിയ വ്യവസായി തുടക്കത്തിൽ ബിസിനസ് കാര്യങ്ങളാണ് സംസാരിച്ചതെങ്കിലും പിന്നീട് പെട്ടെന്ന് സംഭാഷണം രാഷ്‌ട്രീയത്തിലേക്കും ബൂത്ത് തല തന്ത്രങ്ങളിലേക്കും തിരിച്ചുവിടുകയായിരുന്നുവെന്ന് ശിവകുമാർ പറഞ്ഞു. വസ്ത്രധാരണത്തിലും ധരിച്ചിരുന്ന മെറ്റാ ഗ്ലാസിലും സംശയം തോന്നിയതിനെ തുടർന്ന് ഉദ്യോഗസ്ഥരോട് നടത്തിയ രഹസ്യ അന്വേഷണത്തിലാണ് കൂടുതൽ വിവരങ്ങൾ ലഭിച്ചത്.

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, കേന്ദ്രമന്ത്രിമാർ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ ഇയാൾ മെറ്റാ ഗ്ലാസ് ധരിച്ചിരുന്നില്ലെന്നും കോൺഗ്രസ് നേതാക്കളെ കാണാനെത്തിയപ്പോൾ മാത്രമാണ് ഈ ക്യാമറ ഗ്ലാസ് ധരിച്ചതെന്നും ശിവകുമാർ അവകാശപ്പെട്ടു. സംഭവത്തിൽ കൃത്യമായ തെളിവുകളും വിവരങ്ങളും തങ്ങളുടെ പക്കലുണ്ടെന്നും അനുയോജ്യമായ സമയത്ത് വിവരങ്ങൾ പുറത്തുവിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ബന്ധപ്പെട്ട വിവാദ സ്റ്റംഗ് വീഡിയോകളും പെൻഡ്രൈവ് ആരോപണങ്ങളും കർണാടക രാഷ്ട്രീയത്തിൽ വൻ കൊടുങ്കാറ്റ് ഉയർത്തുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തൽ പുറത്തുവരുന്നത്. അതേസമയം, ആരോപണ വിധേയനായ വ്യവസായിയുടെ പേരോ മറ്റ് വിവരങ്ങളോ വെളിപ്പെടുത്താൻ ഭരണകൂടം തയാറായിട്ടില്ല.