മുംബൈ: ഒരു രാത്രികൊണ്ട് എല്ലാം മാറിമറിഞ്ഞ കാഴ്ചയാണ് മഹാരാഷ്ട്രയില്‍ ഉണ്ടായത്. ശിവസേനയെ ഞെട്ടിച്ച് മഹാരാഷ്ട്രയില്‍ ബിജെപി-എന്‍സിപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നിരിക്കുന്നു. ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയും എന്‍സിപിയുടെ അജിത് പവാർ ഉപമുഖ്യമന്ത്രിയാവും. അതേസമയം എന്‍സിപിയെ പിളര്‍ത്തിയാണോ ബിജെപിയ്ക്ക് ഒപ്പം അജിത് പവാര്‍ പോയത് എന്നകാര്യത്തില്‍ ഇതുവരേയും വ്യക്തതയില്ല. ശരത് പവാര്‍ ഇതുവരേയും പ്രതികരിച്ചിട്ടില്ല. 

നേരത്തെ തന്നെ എന്‍സിപിയ്ക്ക് ഉള്ളില്‍ നിന്നും ശിവസേനയുമായി ചേര്‍ന്നുള്ള സര്‍ക്കാര്‍ രൂപീകരണത്തിനെതിരെ സ്വരം ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസ്-ശിവസേന-എന്‍സിപി സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചയ്ക്കിടെ പലതവണ അജിത് പവാര്‍ ഇറങ്ങിപ്പോയ സ്ഥിതിയുണ്ടായിരുന്നു. മഹാരാഷ്ട്രയിലും എന്‍സിപിയും ശരദ് പവാറിനുള്ള സ്വാധീനം അജിത് പവാറിനില്ല എന്നതിനാല്‍ അജിത് പവാറിന് ഒപ്പം കേവലഭൂരിപക്ഷം തികയ്ക്കാനാനുള്ള എംഎല്‍എമാര്‍  ഉണ്ടാകുമോ എന്നതാണ് ഇനി വ്യക്തമാകേണ്ടത്.

കോൺഗ്രസിനും ശിവസേനക്കും തിരിച്ചടി; മറുകണ്ടം ചാടി എൻസിപി; ഫഡ്നാവിസ് മുഖ്യമന്ത്രി

അതോടൊപ്പം ശരത് പവാറിന്‍റെ അറിവോടുകൂടിയാണോ മരുമകന്‍ അജിത് പവാര്‍ മറുകണ്ടം ചാടിയെന്നതും വ്യക്തമാകേണ്ടതുണ്ട്. ഇക്കാര്യത്തില്‍ ശരദ് പവാര്‍ മകള്‍ സുപ്രിയ സുലേ എന്നിവരുടെ പ്രതികരണത്തിനാണ് രാജ്യം കാതോര്‍ക്കുന്നത്. ഏതായാലും വെല്ലുവിളി ഉയര്‍ത്തിയ ഉദ്ധവ് താക്കറെയെ  ഒതുക്കുവാന്‍ ബിജെപിയ്ക്ക്  കഴിഞ്ഞുവെന്നും ബിജെപിയുടെ രാഷ്ട്രീയ നേട്ടമാണ്.