ബിഹാറിൽ 31 എംഎൽഎമാർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു, ജെഡിയുവിന് 11 മന്ത്രിമാർ, കോൺഗ്രസിന് 2

ബിഹാർ: ബിഹാറിൽ മഹാസഖ്യ സർക്കാരിൽ ആഭ്യന്തര വകുപ്പ്, മുഖ്യമന്ത്രി നിതീഷ് കുമാർ തന്നെ കൈകാര്യം ചെയ്യും. ഉപ മുഖ്യമന്ത്രി തേജസ്വി യാദവിന് ആരോഗ്യ വകുപ്പിന്റെ ചുമതലയാണ്. തേജസ്വിയുടെ സഹോദരൻ തേജ് പ്രതാപിന് പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം എന്നീ വകുപ്പുകൾ നൽകി. ജെഡിയു നേതാവായ വിജയ് കുമാർ ചൗധരിയാണ് ധനമന്ത്രി. 31 പേരെ കൂടി ഉൾപ്പെടുത്തിയാണ് മഹാസഖ്യ സർക്കാർ മന്ത്രിസഭാ വികസനം പൂർത്തിയാക്കിയത്. ആർജെഡിയില്‍ നിന്ന് പതിനാറും ജനതാദളില്‍ (ജെഡിയു) നിന്ന് പതിനൊന്നും പേർ മന്ത്രിമാരായി. കോൺഗ്രസിന് രണ്ടും എച്ച്എഎമ്മിനും ഒരു മന്ത്രി പദവിയും ലഭിച്ചു. പിന്നോക്ക വിഭാഗത്തില്‍ നിന്നുള്ള പതിനേഴ് പേരാണ് മന്ത്രിസഭയിലുള്ളത്.

മഹാസഖ്യ സർക്കാർ വികസിപ്പിച്ചപ്പോൾ കൂടുതൽ നേട്ടം സ്വന്തമാക്കിയത് ആർജെഡിയാണ്. 79 എംഎൽമാരുള്ള ആർജെഡിക്ക് 16 മന്ത്രിമാരെ ലഭിച്ചു. മുഖ്യമന്ത്രി പദവിക്ക് പുറമേ, ആഭ്യന്തരവും കൈകാര്യം ചെയ്യുന്ന നിതീഷിന്റെ പാർട്ടിക്ക് 11 മന്ത്രിമാരുണ്ട്. സ്വതന്ത്ര എംഎല്‍എ ആയ സുമിത് കുമാറിനെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ച് മന്ത്രിസ്ഥാനങ്ങള്‍ ഭാവിയിലെ മന്ത്രിസഭ വികസനം മുന്നില്‍ കണ്ട് ഒഴിച്ചിട്ടിരിക്കുകയാണ്.

പന്ത്രണ്ട് എംഎല്‍എമാരുള്ള സിപിഐ(എംഎല്‍) സഖ്യ സർക്കാരിനെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും മന്ത്രിസഭയുടെ ഭാഗമാകാനില്ലെന്ന നിലപാട് എടുത്തിരിക്കുകയാണ്. രണ്ട് വീതം എംഎല്‍എമാരുള്ള സിപിഎം, സിപിഐ പാര്‍ട്ടികളും മന്ത്രിസഭയുടെ ഭാഗമാകുന്നില്ല. സർക്കാർ നയങ്ങളില്‍ നിർണായക സ്വാധീനം ചെലുത്താൻ കഴിയുന്നത്ര എംഎല്‍എമാരില്ലാത്തതിനാലാണ് മന്ത്രിസഭയുടെ ഭാഗമാകാത്തതെന്നാണ് ഇടത് നേതൃത്വത്തിന്റെ വിശദീകരണം.

മോദിയുടെ ഗുജറാത്തിൽ പ്രചാരണത്തിന് പോകുമോ? അറിയിക്കാമെന്ന് നിതീഷ് കുമാർ

തനിക്ക് പ്രധാനമന്ത്രിയാകാൻ ആഗ്രഹമില്ലെന്നും പ്രതിപക്ഷത്തെ ഒന്നിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ബിജെപി ബന്ധം അവസാനിപ്പിച്ച് ആർജെഡിയുമായി ചേർന്ന് പുതിയ സർക്കാർ രൂപീകരിച്ച ശേഷമാണ് നിതീഷ് കുമാറിന്റെ പ്രതികരണം. 2024ൽ വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാർത്ഥിയായി നിതീഷിനെ ഉയർത്തിക്കാട്ടുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് നിതീഷിന്റെ പുതിയ പ്രസ്താവന.