പ്രകോപിതനായി എത്തിയ അക്രമി മുഖ്യമന്ത്രിയെ പുറകിലൂടെ മർദ്ദിക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർക്കിടയിലൂടെയാണ് ഇയാൾ മുഖ്യമന്ത്രിക്കരികിലെത്തിയത്.  

പറ്റ്ന : ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് (Nitish kumar) നേരെ ആക്രമണം. അദ്ദേഹത്തിന്റെ ജന്മനാടായ ഭക്തിയാർപൂരിൽ ഒരു ചടങ്ങിൽ പങ്കെടുക്കവേയാണ് ആക്രമണമുണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന് വേദിയിലെത്തിയ അക്രമി നിതീഷ് കുമാറിനെ പിന്നില്‍ നിന്ന് അടിക്കുകയായിരുന്നു. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്തതായാണ് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്. സ്വാതന്ത്ര്യ സമര സേനാനി ശിൽഭദ്ര യാജിയുടെ പ്രതിമയിൽ ആദരാഞ്ജലി അർപ്പിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. 

പുറകിലൂടെയെത്തി അക്രമി ഡെയ്‌സിൽ കയറുകയും പ്രതിമയിൽ പുഷ്പാഞ്ജലി അർപ്പിക്കാൻ കുനിഞ്ഞ മുഖ്യമന്ത്രിയെ അടിക്കുകയുമായിരുന്നുവെന്നാണ് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്. സുരക്ഷ ഉദ്യോഗസ്ഥര്‍ ഉടന്‍ അക്രമിയെ കീഴ് പ്പെടുത്തി. മര്‍ദ്ദിച്ചതിന്‍റെ കാരണം വ്യക്തമായിട്ടില്ല. മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. വന്‍സുരക്ഷ വീഴ്ചയില്‍ അന്വേഷണം തുടങ്ങി. നേരത്തെ ബിഹാര്‍ തെരഞ്ഞെടുപ്പിനിടെ ഒരു റാലിയില്‍ വച്ചും നിതീഷ് കുമാറിന് നേരെ ആക്രമണമുണ്ടായിരുന്നു. സംഭവത്തെ തുടര്‍ന്ന് നിതീഷ് കുമാറിന്റെ സുരക്ഷ കൂട്ടിയിരുന്നു. 

Scroll to load tweet…