ബിഹാറിലെ മഹാസഖ്യത്തിൽ നിന്ന് ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) പുറത്തുപോയി. സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ചാണ് പാർട്ടി സഖ്യം വിട്ടത്.
പറ്റ്ന: ബിഹാറിൽ മഹാസഖ്യത്തിൽ പൊട്ടിത്തെറി. ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന്‍റെ ജാർഖണ്ഡ് മുക്തി മോർച്ച (ജെ എം എം) മഹാസഖ്യം ഉപേക്ഷിച്ചു. സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ചാണ് തീരുമാനം. സഖ്യം വിട്ട ജെഎംഎം ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചു. അതിനിടെ ആർജെഡി കോൺഗ്രസ് സംസ്ഥാന അധ്യക്ഷനെതിരെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു.
ബിഹാറിൽ എല്ലാ ഭിന്നതകളും പരിഹരിച്ച് ഉടൻ സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കുമെന്ന് മഹാഗഡ്ബന്ധൻ സഖ്യം അറിയിച്ച് മണിക്കൂറുകൾക്കകമാണ് പൊട്ടിത്തെറി. ബിഹാറിൽ ആറ് സീറ്റുകളിലാണ് ജെ എം എം സ്വതന്ത്രമായി മത്സരിക്കുക. സീറ്റ് വിഭജനം പൂർത്തിയാക്കിയ എൻഡിഎ ഒന്നാംഘട്ട പ്രചാരണം ഇതിനകം ആരംഭിച്ച. എന്നാൽ രണ്ടാംഘട്ടത്തിലേക്ക് സീറ്റ് വിഭജനം പൂർത്തിയാക്കാൻ മഹാസഖ്യത്തിന് കഴിഞ്ഞിട്ടില്ല. ഒക്ടോബർ 20 ആണ് രണ്ടാം ഘട്ട വോട്ടെടുപ്പിലേക്ക് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഒക്ടോബർ 23. നവംബർ 11നാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുക.
''ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടി സ്വന്തം നിലക്ക് മത്സരിക്കാൻ തീരുമാനിച്ചു. ചകായ്, ധംദാഹ, കടോറിയ (എസ്.ടി), മണിഹാരി (എസ്.ടി), ജാമുയി, പിർപൈന്തി എന്നീ ആറ് സീറ്റുകളിൽ ഞങ്ങൾ മത്സരിക്കും''- ജെ.എം.എം ജനറൽ സെക്രട്ടറി സുപ്രിയോ ഭട്ടാചാര്യ പറഞ്ഞു. ബിഹാറിൽ നവംബർ ആറിനും 11നും രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്. നവംബർ 14ന് ഫലമറിയാം.
