അപകടത്തിന് പിന്നാലെ സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച കുൽദീപിനെ കൊല്ലപ്പെട്ട യുവാവിന്റെ സുഹൃത്തും നാട്ടുകാരും കൂടിച്ചേർന്നാണ് പിടികൂടിയത്
ഗുരുഗ്രാം: തെറ്റായ ദിശയിലെത്തിയ എസ് യു വി ഇടിച്ച് തെറിപ്പിച്ച ബൈക്ക് യാത്രികന് ദാരുണാന്ത്യം. ഗുരഗ്രാമിലെ ഡിഎൽഎഫ് ഫേസ് 2വാണ് അപകടമുണ്ടായത്. അമിത വേഗതയിൽ എത്തിയ മഹീന്ദ്ര 3 എക്സ് ഒ വാഹനം യുവാവിനെ ഇടിച്ച് തെറിപ്പിക്കുന്ന ദൃശ്യങ്ങൾ മറ്റൊരു വാഹനത്തിലെ ക്യാമറയിൽ പതിഞ്ഞിരുന്നു. ഞായറാഴ്ചയാണ് അപകടമുണ്ടായത്. സംഭവത്തിൽ അറസ്റ്റിലായ എസ് യു വി ഡ്രൈവറെ പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങി.
അപകടത്തിൽ കൊല്ലപ്പെട്ട യുവാവിന്റെ സുഹൃത്തിന്റെ ഗോ പ്രോ ക്യാമറയിലാണ് അപകട ദൃശ്യങ്ങൾ പതിഞ്ഞത്. അക്ഷത് ഗാർഗ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. കുൽദീപ് താക്കൂർ എന്നയാളാണ് സംഭവത്തിൽ അറസ്റ്റിലായത്. അപകടം നടന്ന ഉടനേ തന്നെ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവാവിനെ രക്ഷിക്കാനായില്ല. സംഭവത്തിൽ കുൽദീപ് താക്കൂറിനെതിരെ മനപൂർവ്വമുള്ള നരഹത്യ, അശ്രദ്ധമായി വാഹനം ഓടിച്ച് അപകടമുണ്ടാക്കൽ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. കാർ ഇടിച്ച ബൈക്ക് തെറിച്ച് പോകുന്നതും യുവാവ് റോഡരികിലെ ചെടികളിലേക്ക് വീഴുന്നതുമായ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
അപകടത്തിന് പിന്നാലെ സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച കുൽദീപിനെ കൊല്ലപ്പെട്ട യുവാവിന്റെ സുഹൃത്തും നാട്ടുകാരും കൂടിച്ചേർന്നാണ് പിടികൂടിയത്. സംഭവത്തിൽ വാഹനം ഓടിച്ചയാൾ ലഹരി വസ്തുക്കൾ ഉപയോഗിച്ചിരുന്നോയെന്ന പരിശോധന റിസൽട്ട് ഇനിയും വന്നിട്ടില്ല.
