നാട്ടിലെ സമവാക്യങ്ങൾ സംസ്ഥാന-ദേശീയ തലങ്ങളിൽ നിന്ന് വ്യത്യസ്തമാണെന്ന് ബിജെപി വക്താവ് ഷാമിക് ഭട്ടാചാര്യ പറഞ്ഞു.

കൊൽക്കത്ത: ബം​ഗാളിൽ തൃണമൂൽ കോൺ​ഗ്രസിനെ ഭരണത്തിൽ നിന്ന് അകറ്റി നിർത്താൻ കൈകോർത്ത് ബിജെപിയും സിപിഎമ്മും. പശ്ചിമ ബംഗാളിലെ കിഴക്കൻ മിഡ്‌നാപൂർ ജില്ലയിലെ മഹിഷാദലിൽ ബിജെപിയും സിപിഎമ്മും ഗ്രാമപഞ്ചായത്ത് ഭരണസമിതി രൂപീകരിച്ചു. മൊത്തം 18 സീറ്റിൽ എട്ടെണ്ണം വീതം ബിജെപിയും തൃണമൂലും വിജയിച്ചു. രണ്ടിടടത്ത് സിപിഎമ്മും. പ്രസിഡന്റ് സ്ഥാനത്തേക്ക് ബിജെപി സ്ഥാനാർഥിയെ സിപിഎം പിന്തുണച്ചപ്പോൾ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സിപിഎം സ്ഥാനാർഥിയെ ബിജെപിയും പിന്തുണച്ചു. ബിജെപിയുടെ സുബ്ര പാണ്ഡെ പ്രസി‍ഡന്റായും സിപിഎമ്മിലെ പരേഷ് പാനിഗ്രഹിയും വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു.

തൃണമൂൽ കോൺഗ്രസിനെതിരെ ബിജെപിക്ക് സിപിഎം മൗനപിന്തുണ നൽകുന്നുവെന്ന് മഹിസാദൽ തൃണമൂൽ കോൺ​ഗ്രസ് എംഎൽഎ തിലക് കുമാർ ചക്രവർത്തി ആരോപിച്ചു. എന്നാൽ ധാരണയില്ലെന്ന് ബിജെപിയും സിപിഎമ്മും വിശദീകരിച്ചു. പ്രാദേശിക കാരണങ്ങൾ കൊണ്ടാണ് തീരുമാനമെന്ന് സിപിഎം പഞ്ചായത്ത് അംഗം ബുലു പ്രസാദ് ജന പറഞ്ഞു.

ഇന്ത്യ സഖ്യം ദേശീയ തലത്തിൽ പാർട്ടിയുടെ തീരുമാനമാണ്. എന്നാൽ, പ്രാദേശിക ജനങ്ങളുടെ വികാരം മാനിക്കാൻ ബിജെപി നേതൃത്വത്തിലുള്ള പഞ്ചായത്ത് ബോർഡിനെ പിന്തുണക്കുകയായിരുന്നുവെന്നും സിപിഎം പ്രാദേശിക നേതാവ് പറഞ്ഞു. നാട്ടിലെ സമവാക്യങ്ങൾ സംസ്ഥാന-ദേശീയ തലങ്ങളിൽ നിന്ന് വ്യത്യസ്തമാണെന്ന് ബിജെപി വക്താവ് ഷാമിക് ഭട്ടാചാര്യ പറഞ്ഞു. അതേസമയം, സിപിഎമ്മിന്റെ സംസ്ഥാന നേതാക്കൾ പ്രതികരിച്ചിട്ടില്ല. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. 

Asianet News Live