യു കെയിലെ മുൻ ലേബർ പാർട്ടി നേതാവായ ജെർമി കോർബിയാൻ ഇന്ത്യാ വിരുദ്ധനും ഹിന്ദു വിരുദ്ധനുമാണെന്നാണ് ബിജെപി നേതാവ് അമിത് മാളവ്യയുടെ വാദം
ദില്ലി: കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി ബ്രിട്ടനിലെ മുൻ ലേബർ പാർട്ടി നേതാവ് ജെർമി കോർബിയാനുമായി കൂടിക്കാഴ്ച നടത്തിയതിനെതിരെ ബിജെപി രംഗത്തെത്തി. എന്നാൽ ബിജെപി വിമർശനത്തിന് അതേ ഭാഷയിൽ മറുപടി കൊടുത്ത് കോൺഗ്രസും രംഗത്ത് വന്നതോടെ സംഭവം പുതിയ വിവാദമായി.
യു കെയിലെ മുൻ ലേബർ പാർട്ടി നേതാവായ ജെർമി കോർബിയാൻ ഇന്ത്യാ വിരുദ്ധനും ഹിന്ദു വിരുദ്ധനുമാണെന്നാണ് ബിജെപി നേതാവ് അമിത് മാളവ്യയുടെ വാദം. കോർബിയാന്റെ മുൻ പ്രസ്താവനകളിൽ ഇക്കാര്യം വ്യക്തമാണെന്നും പറഞ്ഞാണ് രാഹുൽ ഗാന്ധിയുടെ കൂടിക്കാഴ്ചയെ അമിത് മാളവ്യയിലൂടെ ബിജെപി വിമർശിച്ചത്.
എന്നാൽ അമിത് മാളവ്യയെ അതേ ഭാഷയിൽ തിരിച്ചടിച്ച കോൺഗ്രസ്. ചൈനീസ് പ്രസിഡന്റ് ഷീ ജിംഗ് പിംഗ്, മുൻ പാക് പ്രധാനമന്ത്രി നവാസ് ഷരീഫ് എന്നിവരുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ച ഉയർത്തിക്കാട്ടിയായിരുന്നു കോൺഗ്രസിന്റെ പ്രതിരോധം. കോൺഗ്രസ് ദേശീയ വക്താവ് രൺദീപ് സിങ് സുർജേവാല വിഷയത്തിൽ ബിജെപി പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ടു.
