ഗാന്ധി കുടുംബത്തിൽ ഒളിക്കുകയാണ് കോൺഗ്രസ്. കാഴ്ചപ്പാടോ ആലോചനയോ കോൺഗ്രസിന് ഇല്ലെന്നും കേന്ദ്രമന്ത്രി കിരൺ റിജിജു വിമര്‍ശിച്ചു.

ദില്ലി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ വിമർശനവുമായി ബിജെപി. ആര് പ്രസിഡൻ്റ് ആയാലും പാർട്ടി ഗാന്ധി കുടുംബത്തിൻ്റെ കൈയിൽ തന്നെ ആയിരിക്കുമെന്നും കോൺഗ്രസിന് ഒരു മാറ്റവും സംഭവിക്കാൻ പോകുന്നില്ലെന്നുമാണ് ബിജെപിയുടെ വിമര്‍ശനം. ഗാന്ധി കുടുംബത്തിൽ ഒളിക്കുകയാണ് കോൺഗ്രസ്. കാഴ്ചപ്പാടോ ആലോചനയോ കോൺഗ്രസിന് ഇല്ലെന്നും കേന്ദ്രമന്ത്രി കിരൺ റിജിജു വിമര്‍ശിച്ചു.

Scroll to load tweet…

ആവേശമായി തീർന്ന കോൺഗ്രസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ 9385 വോട്ടുകളിൽ 7897 ഉം നേടിയാണ് ഖർഗെക്ക് വിജയിച്ചത്. ശശി തരൂരിന് 1072 വോട്ടുകൾ ലഭിച്ചപ്പോൾ 416 വോട്ടുകൾ അസാധുവായി. മികച്ച പ്രകടനം പുറത്തെടുത്ത തരൂർ, 12 ശതമാനം വോട്ടുകൾ നേടിയെന്നത് ശ്രദ്ധേയമാണ്. അങ്ങനെ ഗാന്ധി കുടുംബത്തിന് പുറത്തുള്ളരൊള്‍ 24 വര്‍ഷങ്ങള്‍ക്ക് ശേഷം അധ്യക്ഷ സ്ഥാനത്തേക്ക് എത്തുകയാണ്. കോൺഗ്രസിൻ്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം അധ്യക്ഷ പദവിയിൽ ഇരുന്ന ശേഷമാണ് സോണിയ ഗാന്ധി പടിയിറങ്ങുന്നത്. യുപിഎയുടെയും പാർലമെൻ്റി പാർട്ടിയുടെയും അദ്ധ്യക്ഷ സ്ഥാനം ഇപ്പോഴുമുള്ള സോണിയ ഗാന്ധി പ്രസിഡൻ്റ് പദവിയില്ലെങ്കിലും അധികാരകേന്ദ്രമായി തുടരും. ഒരു കുടുംബം നയിക്കുന്നു എന്ന ആക്ഷേപം നേരിടാൻ ഖർഗെ അധ്യക്ഷനാകുന്നത് പാർട്ടിയെ സഹായിക്കും എന്ന് മാത്രം. 

പാർട്ടിക്കകത്ത് ജനാധിപത്യമുണ്ട് എന്ന് തെളിയിക്കാനും രാജ്യശ്രദ്ധ കോൺഗ്രസിലേക്ക് കൊണ്ട് വരാനും ഈ മത്സരം സഹായിച്ചു. രാഹുൽ ഗാന്ധി വീണ്ടും പദവി ഏറ്റെടുക്കാൻ തയ്യാറാകുന്നത് വരെയാകും ഖർഗെയുടെ കാലാവധി. ലോക്സഭ പോരാട്ടത്തിന് പാർട്ടിയെ സജ്ജമാക്കുക എന്നതാണ് ഖർഗെയുടെ പ്രധാന ദൗത്യം. രണ്ട് സംസ്ഥാനങ്ങളിലാണ് കോൺഗ്രസിന് അധികാരമുള്ളത്. പാർട്ടി സംഘടന ശക്തിപ്പെടുത്താൻ ചിന്തൻ ശിബിരം നല്‍കിയ നിർദ്ദേശങ്ങൾ നടപ്പാക്കണം. ബിജെപി ഇതര പാർട്ടികളെ എല്ലാം കൂടെ നിറുത്തി കോൺഗ്രസ് കൂടിയുള്ള സഖ്യം ഉറപ്പാക്കുക എന്ന ലക്ഷ്യവും ഖർഗെയ്ക്ക് മുന്നിലുണ്ട്. തല്‍ക്കാലം കോൺഗ്രസിൽ കാര്യങ്ങൾ തീരുമാനിക്കുന്ന രീതിക്ക് മാറ്റം പ്രതീക്ഷിക്കേണ്ട. എന്നാൽ വെറുതെയിരിക്കാൻ നേത്യത്വത്തിന് കഴിയില്ല എന്ന സന്ദേശം ശശി തരൂരിന് കിട്ടിയ ആയിരം വോട്ടുകൾ നല്കുന്നുണ്ട്.