തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ യുകെ സന്ദർശനത്തിൽ ബിജെപിയും സിപിഎമ്മും വിമർശനം ഉന്നയിച്ചു. ഇതിനിടെ, തമിഴ്നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചത് വിജയ്‍യുടെ ടിവികെ പാർട്ടിക്ക് വെല്ലുവിളിയായി.
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ യുകെ സന്ദർശനത്തിൽ വിമർശനവുമായി ബിജെപി. യാത്ര ഔദ്യോഗികമോ വ്യക്തിപരമോ എന്ന് അറിയില്ലെന്നാണ് സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രന്‍റെ വിമര്‍ശനം. ആരെല്ലാം ഒപ്പം ഉണ്ടെന്നും അറിയില്ല. വിജയ് തിരിച്ചെത്തിയാൽ വിദേശ നിക്ഷേപത്തിന്‍റെ കണക്ക് സർക്കാർ വ്യക്തമാക്കണം. തൃഷയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പുറത്തുവന്നതിനു പിന്നാലെയാണ് വിമർശനം. വിദേശ യാത്രയെ കുറിച്ച് സർക്കാർ ധവളപത്രം ഇറക്കണമെന്ന് സിപിഎമ്മും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിനിടെ തമിഴ്നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചിരുന്നു. ഇതോടെ വിജയ്‍യുടെ ടിവികെക്ക് അപ്രതീക്ഷിത വെല്ലുവിളി ഉയർന്നിട്ടുണ്ട്. പ്രധാന മുന്നണികളിലൊന്നും ഉൾപ്പെടാതെ തനിച്ചു മത്സരിക്കുന്ന സിപിഎം മധുരാന്തകത്തും സിപിഐ ധരാപുരത്തും സ്ഥാനാർത്ഥികളെ നിർത്തും. മുൻപ് ഈ രണ്ടു മണ്ഡലങ്ങളിലും മത്സരിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ സിപിഎം സംസ്ഥാന സെക്രട്ടറി ചൊവ്വാഴ്ച സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകുമെന്നും അറിയിച്ചു.
അണ്ണാഡിഎംകെ എംഎൽഎമാർ ജയിച്ച് ഇരുപതാം ദിവസം രാജിവെച്ച നടപടി തെറ്റും ആരോഗ്യകരമല്ലാത്ത പ്രവണതയുമാണെന്നും, രാജിക്ക് ഒരു ന്യായീകരണവുമില്ലാത്തതിനാൽ ഇത് അടിച്ചേൽപ്പിച്ച തിരഞ്ഞെടുപ്പാണെന്നും ഇടത് പാർട്ടികൾ വിമർശിച്ചു. വർഗീയ ശക്തികളെ എതിർക്കാനാണ് ടിവികെ സർക്കാരിനെ പിന്തുണച്ചതെന്നും തങ്ങൾ മത്സരരംഗത്തിറങ്ങുന്നത് സർക്കാരിന്റെ നിലനിൽപ്പിന് ഭീഷണിയാകില്ലെന്നും വ്യക്തമാക്കിയ ഇടതുപാർട്ടികൾ സർക്കാരിന് പുറത്തുനിന്നുള്ള പിന്തുണ തുടർന്നും നൽകുമെന്നും അറിയിച്ചു.


