ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ 255 സീറ്റുകൾ നേടി ബിജെപി വിജയിച്ചിരുന്നു. തുടർച്ചയായ രണ്ടാം വട്ടമാണ് ബിജെപി അധികാരം പിടിച്ചത്

ലഖ്‌നൗ: ഉത്തര്‍പ്രദേശ് എംഎല്‍സി തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വൻ വിജയം. ആകെയുള്ള 36 ല്‍ 33 സീറ്റിലും ബിജെപി വിജയിച്ചു. സമാജ്‍വാദി പാര്‍ട്ടിക്ക് ഒരു സീറ്റില്‍ പോലും ജയിക്കാനായില്ല. മൂന്ന് സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരണാസിയില്‍ ബിജെപി സ്ഥാനാർത്ഥിയെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി തോല്‍പ്പിച്ചു. ഒൻപത് സീറ്റിൽ ബിജെപി സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ 255 സീറ്റുകൾ നേടി ബിജെപി വിജയിച്ചിരുന്നു. തുടർച്ചയായ രണ്ടാം വട്ടമാണ് ബിജെപി അധികാരം പിടിച്ചത്. പിന്നാലെ മുഖ്യമന്ത്രിയായി വീണ്ടും യോഗി ആദിത്യനാഥ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. നിയമസഭാ തെരഞ്ഞെടുപ്പിൽ 32 ശതമാനത്തോളമാണ് രണ്ടാം സ്ഥാനത്തെത്തിയ സമാജ്‍വാദി പാര്‍ട്ടിയുടെ വോട്ട് വിഹിതം. 2017ല്‍ 21.82 ശതമാനമായിരുന്ന വോട്ട് വിഹതമാണ് സമാജ്‍വാദി പാര്‍ട്ടി ഇപ്പോള്‍ 32 ശതമാനമാക്കി ഉയര്‍ത്തിയത്. അതേസമയം 2017ല്‍ 22.23 ശതമാനം വോട്ട് വിഹിതമുണ്ടായിരുന്ന ബിഎസ്‍പിക്ക് 2022 ആയപ്പോഴേക്കും ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം വോട്ട് വിഹിതം 12.8 ശതമാനമായി കുറഞ്ഞു. രാഷ്‍ട്രീയ ലോക് ദള്‍ പാര്‍ട്ടിക്ക് 3.19 ശതമാനം വോട്ടുകള്‍ ലഭിച്ചപ്പോള്‍ 2.35 ശതമാനമാണ് കോണ്‍ഗ്രസിന്റെ വോട്ടുകള്‍.