നന്ദിഗ്രാമിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ബിജെപി. സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റൻ്റായിരുന്ന കൊല്ലപ്പെട്ട ചന്ദ്രനാഥ് രഥിൻ്റെ അമ്മ ഹൻസിറാനി രഥ് സ്ഥാനാർത്ഥിയാകും.
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ബിജെപി. മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റൻ്റായിരുന്ന കൊല്ലപ്പെട്ട ചന്ദ്രനാഥ് രഥിൻ്റെ അമ്മ ഹൻസിറാനി രഥ് നന്ദിഗ്രാമിൽ ബിജെപി സ്ഥാനാർത്ഥിയാകും. മുമ്പ് തദ്ദേശ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചു വിജയിച്ചിട്ടുള്ള ഹൻസിറാനി രഥ്, മകൻ മരിച്ചു നാല് മാസത്തിനിപ്പുറമാണ് നന്ദിഗ്രാമിൽ മത്സരത്തിനിറങ്ങുന്നത്.
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭവാനിപൂർ, നന്ദിഗ്രാം സീറ്റുകളിൽ മത്സരിച്ച സുവേന്ദു അധികാരി രണ്ട് മണ്ഡലങ്ങളിലും വിജയിച്ചിരുന്നു. ഭവാനിപൂരിൽ മുൻ മുഖ്യമന്ത്രി മമത ബാനർജിയെ ആണ് സുവേന്ദു അധികാരി പരാജയപ്പെടുത്തിയത്. തുടർന്ന് നന്ദിഗ്രാം സീറ്റിൽനിന്ന് രാജിവെച്ച അദ്ദേഹം ഭവാനിപൂർ നിലനിർത്താൻ തീരുമാനിച്ചു. ഇതോടെ ആണ് പൂർബ മേദിനിപൂർ ജില്ലയിൽ ഉൾപ്പെടുന്ന നന്ദിഗ്രാമിൽ ഉപതെരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്.
സുവേന്ദു അധികാരി മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ ആണ് ചന്ദ്രനാഥ് രഥ് വെടിയേറ്റ് കൊല്ലപ്പെട്ടത്. നോർത്ത് 24 പർഗാനാസ് ജില്ലയിലെ മധ്യംഗ്രാമിൽ രാത്രി കാറിൽ സഞ്ചരിക്കുമ്പോഴാണ് ബൈക്കിലെത്തിയ അജ്ഞാതർ ചന്ദ്രനാഥ് രഥിന് നേരെ വെടിയുതിർത്തത്. കാറിൻ്റെ ചില്ല് തകർത്ത് എത്തിയ ഒന്നിലേറെ വെടിയുണ്ടകളേറ്റ ചന്ദ്രനാഥ് രഥിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഒക്ടോബർ ആറിന് ഉപതെരഞ്ഞെടുപ്പ്
പശ്ചിമ ബംഗാളിൽ ഒഴിവുള്ള നന്ദിഗ്രാം, റെജിനഗർ നിയമസഭാ സീറ്റുകളിൽ ഒട്കോബർ ആറിന് ഉപതെരഞ്ഞെടുപ്പ് നടക്കും. മുർഷിദാബാദ് മുൻ ജില്ലാ പ്രസിഡൻ്റും സംസ്ഥാന കമ്മിറ്റി അംഗവുമായ സർക്കാർ റെജിനഗറിൽ ബിജെപി സ്ഥാനാർത്ഥിയാകും. ആം ജനത പാർട്ടി സ്ഥാപകൻ ഹ്യൂമയൂൺ കബീർ രാജിവെച്ച ഒഴിവിലാണ് മുർഷിദാബാദ് ജില്ലയിൽ ഉൾപ്പെടുന്ന റെജിനഗറിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. റെജിനഗറിലും നൗദയിലും വിജയിച്ച ഹ്യൂമയൂൺ കബീർ, റെജിനഗറിൽനിന്ന് രാജിവെക്കാൻ തീരുമാനിക്കുകയായിരുന്നു.
അതേസമയം പ്രതിപക്ഷ നേതാവ് ഋതബ്രത ബാനർജി നേതൃത്വം നൽകുന്ന തൃണമൂൽ കോൺഗ്രസ് പക്ഷവും ഇരുസീറ്റുകളിലേക്ക് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. മമത ബാനർജി നേതൃത്വം നൽകുന്ന തൃണമൂൽ കോൺഗ്രസ് പക്ഷത്തിന് വേണ്ടി സഞ്ചിത പ്രധാൻ ദേ (നന്ദിഗ്രാം), മുൻ എംഎൽഎ റാബിയുൾ ചൗധരി (റെജിനഗർ) എന്നിവരാണ് മത്സരരംഗത്ത് ഉള്ളത്. കോൺഗ്രസും ഇടതുപക്ഷവും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബർ ഒൻപതിനാണ് വോട്ടെണ്ണൽ നടക്കുക.


