ഇന്‍ഡോര്‍: സംഗീതജ്ഞന്‍ അദ്നാന്‍ സാമിക്ക് പദ്മശ്രീ നല്‍കിയതിനെതിരെ രൂക്ഷവിമര്‍ശനവുമായി നടി സ്വര ഭാസ്കര്‍. പൗരത്വ നിയമ ഭേദഗതി ഭരണഘടനയോടുള്ള വഞ്ചനയാണെന്ന് സ്വര പറഞ്ഞു. ഒരു വശത്ത് പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധക്കാരെ അടിച്ചമര്‍ത്തുമ്പോള്‍ മറുവശത്ത് പാകിസ്ഥാനിയായ ഒരാള്‍ക്ക് പദ്മശ്രീ നല്‍കി ആദരിക്കുകയാണെന്ന് സ്വര കുറ്റപ്പെടുത്തി. മധ്യപ്രദേശില്‍ നടന്ന 'സേവ് ദ കോണ്‍സ്റ്റിറ്റ്യൂഷന്‍, സേവ് ദ കണ്‍ട്രി' എന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു നടി.   

'അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുന്നതിനും നുഴഞ്ഞുകയറ്റക്കാരെ അറസ്റ്റ് ചെയ്യുന്നതിനുമുള്ള സമ്പ്രദായം ഇന്ത്യയില്‍ നിലവിലുണ്ട്. അദ്നാന്‍ സാമിക്ക് ഇന്ത്യന്‍ പൗരത്വം നല്‍കിയതും ഇപ്പോള്‍ അദ്ദേഹത്തിന് പദ്മശ്രീ നല്‍കി ആദരിച്ചതും ഇതേ നടപടിക്രമത്തിലൂടെ തന്നെയാണ്. പിന്നെ പൗരത്വ നിയമ ഭേദഗതിക്ക് എന്ത് ന്യായീകരണമാണുള്ളത്'- സ്വര ചോദിച്ചു.

Read More: കോണ്‍ഗ്രസിലും ബിജെപിയിലും തനിക്ക് സുഹൃത്തുക്കളുണ്ട്, ഇപ്പോള്‍ വിവാദമുണ്ടാക്കുന്നത് പുതുതലമുറ: അദ്നാന്‍ സാമി

ഒരു വശത്ത് സിഎഎയ്‍‍ക്കെതിരായ പ്രതിഷേധക്കാരെ നിങ്ങള്‍ അധിക്ഷേപിക്കുന്നു, തല്ലിയോടിക്കുന്നു, കണ്ണീര്‍വാതകം പ്രയോഗിക്കുന്നു, മറുവശത്ത് നിങ്ങള്‍ പാകിസ്ഥാനിക്ക് പദ്മശ്രീ നല്‍കുന്നു. സര്‍ക്കാര്‍ അവരുടെ ഇഷ്ടാനുസരണം ചിലരെ ദേശദ്രോഹികളായും തുക്ടെ തുക്ടെ ഗ്യാങ്ങായും മുദ്രകുത്തുന്നു. എന്തു കൊണ്ടാണ് യഥാര്‍ത്ഥ പ്രശ്നക്കാരെ സര്‍ക്കാരിന് കാണാന്‍ സാധിക്കാത്തത്. ബിജെപിക്കും സര്‍ക്കാരിനും പാകിസ്ഥാനോട് പ്രണയമാണെന്നും നാഗ്പൂരില്‍ ഇരുന്നുകൊണ്ട് അവര്‍ ഇന്ത്യ മുഴുവന്‍ വിദ്വേഷം പ്രചരിപ്പിക്കുകയാണെന്നും സ്വര ഭാസ്കര്‍ കൂട്ടിച്ചേര്‍ത്തു. ലണ്ടനില്‍ ജനിച്ചു വളര്‍ന്ന പാക് പൗരനായിരുന്ന അദ്നാന്‍ സാമിക്ക് 2016ല്‍ ഇന്ത്യന്‍ പൗരത്വം നല്‍കിയിരുന്നു.