ഇന്ത്യ സഖ്യത്തെ പരിഹസിച്ച് ബിജെപി രംഗത്ത്. സ്റ്റേഡിയത്തിൽ ചേർന്നിരുന്ന പ്രതിപക്ഷ കക്ഷികളുടെ യോഗം ഒറ്റമുറിയിലേക്ക് മാറിയെന്ന് ബിജെപി എംപി സംബിത് പത്ര. വൈകാതെ കാറിനുള്ളിലായിരിക്കും യോഗം നടക്കുകയെന്നും അദ്ദേഹം.
ദില്ലി: ദില്ലിയിൽ ചേർന്ന ഇന്ത്യ സഖ്യ യോഗത്തെ പരിഹസിച്ച് ബിജെപി. ഒരിക്കൽ സ്റ്റേഡിയത്തിൽ ചേർന്നിരുന്ന പ്രതിപക്ഷ കക്ഷികളുടെ യോഗം ഇപ്പോൾ ശുഷ്കിച്ച് ഒറ്റമുറിയിലേക്ക് മാറിയെന്ന് ബിജെപി എംപി സംബിത് പത്ര പരിഹസിച്ചു. പ്രതിപക്ഷ സഖ്യത്തിന് ജനപിന്തുണയും വിശ്വാസ്യതയും നഷ്ടമായെന്നും സംബിത് പത്ര കുറ്റപ്പെടുത്തി. ഡിഎംകെ, എഎപി പാർട്ടികൾ സഖ്യത്തിൽനിന്ന് വിട്ടുനിന്നത് ചൂണ്ടിക്കാട്ടിയാണ് പരിഹാസം.
"മുൻപ് ഈ യോഗങ്ങൾ സ്റ്റേഡിയങ്ങളിലായിരുന്നു നടന്നിരുന്നത്. ബെംഗളൂരുവിൽ എല്ലാവരും കൈകോർത്തു നിന്നു. ക്രമേണ, ഈ യോഗങ്ങൾ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിലെ ഒരു ചെറിയ മുറിയിലേക്ക് ഒതുങ്ങി. തമിഴ്‌നാട്ടിൽ കോൺഗ്രസ് പെട്ടെന്നുതന്നെ മറ്റൊരു പാർട്ടിയുമായി സഖ്യം ചേർന്ന് സർക്കാർ രൂപീകരിച്ചു. എന്നാൽ ബംഗാളിൽ തോറ്റപ്പോൾ അവർ മുറവിളി കൂട്ടുകയാണ്. രാജ്യം മുഴുവൻ ഈ കാപട്യം കാണുന്നുണ്ട്"- സംബിത് പത്ര പറഞ്ഞു.
പ്രതിപക്ഷ പാർട്ടികൾക്ക് താഴെത്തട്ടിൽ യഥാർത്ഥ സാന്നിധ്യമില്ലെന്നും സംബിത് പത്ര പറഞ്ഞു. അവരുടെ വിശ്വാസ്യത നഷ്ടപ്പെട്ടു, അതുകൊണ്ടാണ് ജനങ്ങൾ അവർക്ക് വോട്ട് ചെയ്യാത്തത്. അഖിലേഷ് യാദവും അവിടെ ഉണ്ടായിരുന്നു. മമത ബാനർജിയുടെ അവസ്ഥ കണ്ട് തന്റെ കാര്യവും ഇതുപോലെയാകുമോ എന്ന് അദ്ദേഹം ചിന്തിക്കുന്നുണ്ടാകും. രാഹുൽ ഗാന്ധി എവിടെയുണ്ടോ, അവിടെ ആരുടെയും രാഷ്ട്രീയ ഭാഗ്യം തെളിയാറില്ലെന്നും സംബിത് പത്ര കുറ്റപ്പെടുത്തി.
രണ്ടു മാസത്തിലൊരിക്കൽ യോഗം ചേരാൻ അവർ തീരുമാനിച്ചിട്ടുണ്ട്. ഈ പോക്കാണെങ്കിൽ, മൂന്നാമത്തെയോ നാലാമത്തെയോ യോഗം ഒരു കാറിനുള്ളിലായിരിക്കും നടക്കുക എന്ന് സംശയിക്കുന്നുവെന്നും സംബിത് പത്ര പരിഹസിച്ചു.
പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ ഇന്ത്യ സഖ്യ യോഗം ചേർന്ന് വിവിധ വിഷയങ്ങൾ ചർച്ച ചെയ്തതിനിടെയാണ് ബിജെപിയുടെ വിമർശനം. യോഗത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിൽ, കേന്ദ്രസർക്കാർ സർവകക്ഷി യോഗം വിളിക്കണമെന്ന് പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടതായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെ പറഞ്ഞു. രണ്ടുമാസത്തിലൊരിക്കൽ ഇന്ത്യ സഖ്യ നേതാക്കൾ യോഗം ചേരുമെന്നും ഖാർഗെ അറിയിച്ചു. വിവിധ പ്രതിപക്ഷ പാർട്ടികളുടെ 22 നേതാക്കളാണ് യോഗത്തിൽ പങ്കെടുത്തത്.


