Asianet News MalayalamAsianet News Malayalam

തമിഴ്നാട് രാഷ്ട്രീയത്തിൽ ചൂടേറിയ ചർച്ചകൾക്ക് വഴിതുറന്ന് കരുണാനിധി സ്മാരകത്തിലെ ബിജെപി നേതാക്കളുടെ സാന്നിധ്യം

സംസ്ഥാനത്തെ പല കോൺഗ്രസ് നേതാക്കളും അടുത്ത നാളുകളിൽ ഡിഎംകെയ്ക്കെതിരെ മുന വച്ച് സംസാരിക്കുന്നുണ്ടെങ്കിലും രാഹുൽ ഗാന്ധിയുമായി സ്റ്റാലിനു നല്ല ബന്ധമാണുള്ളത്

BJP leaders at Karunanidhi Memorial opening way for heated discussions in Tamil Nadu politics
Author
First Published Aug 19, 2024, 8:00 AM IST | Last Updated Aug 19, 2024, 8:00 AM IST

ചെന്നൈ: കരുണാനിധി സ്മാരകത്തിലെ ബിജെപി നേതാക്കളുടെ സാന്നിധ്യം, തമിഴ്നാട് രാഷ്ട്രീയത്തിൽ ചൂടേറിയ ചർച്ചകൾക്കാണ് വഴി തുറക്കുന്നത്. ബിജെപി - ഡിഎംകെ രഹസ്യ ബന്ധമെന്ന ആക്ഷേപം അണ്ണാ ഡിഎംകെ ശക്തമാക്കുമ്പോൾ, ആശയപരമായ ഭിന്നത നിലനിൽക്കുന്നു എന്നാണ് സ്റ്റാലിന്റെ വാദം. അതേസമയം കോൺഗ്രസ്സിന്റെ സഖ്യകക്ഷികളെ ലക്ഷ്യം വയ്ക്കുന്ന ബിജെപി തന്ത്രം പ്രകടമാണ്.

ഒരു മാസത്തിനകം അര ഡസൻ ഡിഎംകെ നേതാക്കൾ ജയിലിലാകുമെന്ന് ബിജെപി നേതാവ് എച്ച് രാജ വെല്ലുവിളിച്ചിട്ട് 14 മാസമായി. സെൻതിൽ ബാലാജിയുടെ അറസ്റ്റിന് പിന്നാലെയായിരുന്നു ബിജെപിയുടെ മുതിർന്ന നേതാവിന്‍റെ വെല്ലുവിളി. പക്ഷേ ഒന്നും സംഭവിച്ചിട്ടില്ല. കേന്ദ്ര ഏജൻസികളുടെ വിരട്ടലെല്ലാം ഉണ്ടായില്ലാ വെടിയെന്ന അണ്ണാ ഡിഎംകെ ആക്ഷേപം അന്തരീക്ഷത്തിൽ ഉള്ളപ്പോഴാണ്, ലോക്സഭ തെരഞ്ഞെടുപ്പിന് പിന്നാലെ ഡിഎംകെയെ പാട്ടിലേക്കാൻ ബിജെപി നീക്കം തുടങ്ങിയത്.

ഡിഎംകെ നേതാവ് ടി ആർ ബാലുവിന് ഡെപ്യൂട്ടി സ്പീക്കർ പദവി വാഗ്ദാനം ചെയ്തത് ഇന്ത്യ സഖ്യത്തിൽ ആശയക്കുഴപ്പം ഉണ്ടാക്കാൻ മാത്രമായിരുന്നില്ല. വാജ്പെയ് മന്ത്രിസഭയുടെ ഭാഗം ആയിരുന്ന ഡിഎംകെ, തങ്ങളുടെ സ്വാഭാവിക സഖ്യകക്ഷിയെന്ന് പല ബിജെപി ദേശീയ നേതാക്കളും അടക്കം പറയുന്നുമുണ്ട്. ആപത്തു കാലത്തേക്ക്‌ ഒരു നിക്ഷേപമായി ഡിഎംകെയെ കരുതിവയ്ക്കണമെന്ന വാദം ബിജെപിക്കുള്ളിൽ ഉയരുമ്പോഴാണ് കരുണാനിധി സ്മാരകത്തിലേക്ക് രാജ്നാഥ് സിംഗ് അടക്കം നേതാക്കളുടെ സന്ദർശനം.

ആർഎസ്എസിനെതിരെ ആശയ പോരാട്ടം നടത്തുന്നുവെന്ന് എപ്പോഴും പറയുന്ന സ്റ്റാലിൻ വളരെ പെട്ടെന്ന് ബിജെപി പാളയത്തിൽ എത്തുമെന്ന് ആരും കരുതുന്നില്ല. സംസ്ഥാനത്തെ പല കോൺഗ്രസ് നേതാക്കളും അടുത്ത നാളുകളിൽ ഡിഎംകെയ്ക്കെതിരെ മുന വച്ച് സംസാരിക്കുന്നുണ്ടെങ്കിലും രാഹുൽ ഗാന്ധിയുമായി സ്റ്റാലിനു നല്ല ബന്ധമാണുള്ളത്. എന്നാൽ രാഷ്ട്രീയത്തിലെ സാധ്യതകൾ ഉപയോഗിക്കുന്നതിൽ ദ്രാവിഡ പാർട്ടികൾക്കുള്ള മെയ്വഴക്കം പരിചിതമായ രാഷ്ട്രീയ വിദ്യാര്ഥികൾക്ക് കരുണാനിധി സ്മാരകത്തിലെ ദൃശ്യങ്ങളിൽ കൗതുകം തോന്നുക സ്വഭാവികമാകും. ലോക്സഭ എംപിമാരുടെ കണക്കു പറഞ്ഞ് സമ്മർദത്തിലാക്കുന്ന ജെഡിയു- ടിഡിപി കക്ഷികളോട്, മറ്റ് സാധ്യതകളും തങ്ങൾക്കുണ്ടെന്ന പരോക്ഷ മുന്നറിയിപ്പ് നൽകുകയാണ് ബിജെപി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios