ഇന്ത്യ അഥവാ ഭാരത് എന്നത് മാറ്റി ഭരണഘടനയിൽ ഭാരത് എന്ന് മാത്രമാക്കുക എന്നാണ് എംപി ആവശ്യപ്പെട്ടത്

ദില്ലി: ഭരണഘടനയിൽ നിന്ന് ഇന്ത്യ എന്ന പേര് മാറ്റണമെന്ന് ബിജെപി എംപി പാർലമെന്റിൽ ആവശ്യപ്പെട്ടു. ഉത്തരാഘണ്ഡിൽ നിന്നുള്ള എംപി നരേഷ് ബൻസലാണ് രാജ്യസഭയിൽ ഈ ആവശ്യം ഉന്നയിച്ചത്. പിടി ഉഷയായിരുന്നു ഈ സമയം രാജ്യസഭ നയിച്ചത്. വിഷയം അവതരിപ്പിച്ചതിൽ പ്രതിപക്ഷം ഒന്നടങ്കം പ്രതിഷേധവുമായി രംഗത്ത് വന്നു. ഈ വിഷയത്തെ ചൊല്ലി രാഷ്ട്രീയ തർക്കവും മുറുകുകയാണ്.

ഇന്ത്യ അഥവാ ഭാരത് എന്നത് മാറ്റി ഭരണഘടനയിൽ ഭാരത് എന്ന് മാത്രമാക്കുക എന്നാണ് എംപി ആവശ്യപ്പെട്ടത്. ഭാരത മാതാവിന് കൊളോണിയൽ ചിന്തയിൽ നിന്ന് സ്വാതന്ത്ര്യം നൽകണമെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു. സർക്കാരിനെതിരെയുള്ള അവിശ്വാസ പ്രമേയത്തിൽ ചർച്ച നീട്ടിക്കൊണ്ടുപോകുന്നതിലുള്ള ബഹളം കാരണം പാർലമെൻറ് ഇന്നും സ്തംഭിച്ചിരുന്നു. ചർച്ച ബഹിഷ്കരിച്ച് പ്രതിപക്ഷം പുറത്തേക്ക് പോയപ്പോഴാണ് ബിജെപി എംപി വിവാദ ആവശ്യവുമായി രംഗത്ത് വന്നത്.

Read More: ലക്ഷ്യങ്ങൾ നിരവധി, മോദിയും ബിജെപിയും വിമർശനം കടുപ്പിക്കുമ്പോൾ പ്രതിരോധിക്കാൻ 'ഇന്ത്യ', മുംബൈയിൽ സുപ്രധാന യോ​ഗം

നരേന്ദ്ര മോദി തന്നെ സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ കൊളോണിയൽ ചിന്താഗതി മാറ്റണമെന്ന് ആവശ്യപ്പെട്ടതാണെന്ന് നരേഷ് ഗോയൽ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. നരേഷ് ബൻസലിനെ ഇത് ഉന്നയിക്കാൻ അനുവദിച്ചത് ചട്ടവിരുദ്ധമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ബിജെപിയുടെ നയമാണ് എംപിയിലൂടെ പുറത്തുവന്നതെന്നും ഇന്ത്യ സഖ്യ നേതാക്കൾ പറഞ്ഞു. 

മണിപ്പൂരിലെ സാഹചര്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷം നൽകിയ അവിശ്വാസ പ്രമേയ നോട്ടീസ് ചർച്ചക്കെടുക്കാത്തത് ലോക്സഭയിൽ വലിയ ബഹളത്തിന് ഇടയാക്കിയിരുന്നു. നോട്ടീസ് നൽകിയ ദിവസം തന്നെ അവിശ്വാസ പ്രമേയം പരിഗണിച്ച കീഴ്വഴക്കമുണ്ടെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടി. സ്പീക്കർ ഈ ആവശ്യം അംഗീകരിച്ചില്ല. പ്രതിഷേധം കാരണം സഭ പന്ത്രണ്ട് മണിക്ക് തന്നെ പിരിഞ്ഞു. തിങ്കളാഴ്ച കക്ഷി നേതാക്കളുടെ യോഗം കേന്ദ്ര സർക്കാർ വിളിച്ചിട്ടുണ്ട്. ഈ യോഗത്തിൽ അവിശ്വാസ പ്രമേയത്തിൽ എന്ന് ചർച്ച നടത്തുമെന്ന ധാരണയുണ്ടാകും.

Read More: ​​​​​​​വന്ദേ ഭാരത് എക്സ്പ്രസിലെ ഭക്ഷണത്തില്‍ വണ്ട്; പ്രതികരിച്ച് ഇന്ത്യന്‍ റെയില്‍വേ

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ്