കേന്ദ്ര സർക്കാർ ബം​ഗാൾ അതിർത്തിയിലെ സുരക്ഷയ്ക്കായി വേലി നിർമ്മിച്ചത് വലിയ വിജയമായ ഉയർത്തിക്കാട്ടുമ്പോഴാണ് ബി ജെ പി നേതാവിന്റെ വിവാദ പ്രസം​ഗമെന്ന് അഭിഷേക് ബാനർജി പരിഹസിച്ചു

കൊൽക്കത്ത: പശ്ചിമ ബം​ഗാളിനെയും ബം​ഗ്ലാദേശിനെയും ഒന്നാക്കുമെന്ന് ബി ജെ പി എം പി. റാനാഘട്ട് എം പി ജ​ഗന്നാഥ് സർക്കാരാണ് ബം​ഗാളിൽ അധികാരത്തിലെത്തിയാൽ അതിർത്തികൾ ഇല്ലാതാക്കുമെന്നും, ബം​ഗാളിനെയും ബം​ഗ്ലാദേശിനെയും ഒന്നാക്കുമെന്നും പ്രസം​ഗിച്ചത്. പശ്ചിമ ബംഗാൾ ബി ജെ പി ഉപാധ്യക്ഷൻ കൂടിയായ ജഗന്നാഥ് സർക്കാരിന്‍റെ വിവാദ പ്രഖ്യാപനത്തിൽ കടുത്ത വിമർശനവുമായി തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി. കേന്ദ്ര സർക്കാർ ബം​ഗാൾ അതിർത്തിയിലെ സുരക്ഷയ്ക്കായി വേലി നിർമ്മിച്ചത് വലിയ വിജയമായ ഉയർത്തിക്കാട്ടുമ്പോഴാണ് ബി ജെ പി നേതാവിന്റെ വിവാദ പ്രസം​ഗമെന്ന് അഭിഷേക് ബാനർജി പരിഹസിച്ചു. ജ​ഗന്നാഥ് സർക്കാർ എം പിയെ സസ്പെൻഡ് ചെയ്യണമെന്ന ആവശ്യവും ടി എം സി ഉയർത്തിയിട്ടുണ്ട്. ബം​ഗാളിൽ എസ് ഐ ആറിന്റെ പേരിൽ ബി ജെ പി ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നും ടി എം സി ജനറൽ സെക്രട്ടറി അഭിപ്രായപ്പെട്ടു.

ദില്ലിയുടെ പേര് ഇന്ദ്രപ്രസ്ഥയെന്നാക്കണം

അതിനിടെ ബി ജെ പിയുമായി ബന്ധപ്പെട്ട് പുറത്തുവന്ന മറ്റൊരു വാർത്ത ദില്ലിയുടെ പേര് ഇന്ദ്രപ്രസ്ഥയെന്നാക്കണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി എം പി രംഗത്തെത്തി എന്നതാണ്. ബി ജെ പി എം പി പ്രവീൺ ഖണ്ഡേവാൽ ആണ് ഈ ആവശ്യവുമായി രംഗത്തെത്തിയത്. പ്രവീൺ ഖണ്ഡേവാൽ ഇതുസംബന്ധിച്ച കത്ത് അമിത് ഷായ്ക്ക് അയച്ചു. സാംസ്കാരികവും ചരിത്രപരവുമായ ഘടകങ്ങൾ പരി​ഗണിച്ചാണ് ദില്ലിയുടെ പേര് മാറ്റണമെന്ന ആവശ്യം ഉന്നയിക്കുന്നത്. ഓൾഡ് ദില്ലി റെയിൽവേ സ്റ്റേഷൻ ഇന്ദ്രപ്രസ്ഥ ജം​ഗ്ഷൻ എന്നും വിമാനത്താവളത്തിന്റെ പേര് ഇന്ദ്രപ്രസ്ഥ എയർപോർട്ട് എന്നുമാക്കണമെന്നും കത്തിൽ പറയുന്നുണ്ട്. ദില്ലിയിലെ പ്രധാനപ്പെട്ടയിടങ്ങളിൽ പാണ്ഡവൻമാരുടെ പ്രതിമ സ്ഥാപിക്കണമെന്നും ബി ജെ പി എംപി പ്രവീൺ ഖണ്ഡേവാൽ ആവശ്യപ്പെട്ടിട്ടുണ്ട്.