മന്ത്രി വിജയ്ഷാക്കാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.വിശദീകരണത്തിന് ശേഷം തുടർ നടപടി സ്വീകരിക്കും

ദില്ലി: കേണൽ സോഫിയ ഖുറേഷിക്കെതിരായ 'ഭീകരരുടെ സഹോദരി' പരാമർശത്തില്‍ മധ്യപ്രദേശ് മന്ത്രിക്കെതിരെ നടപടിക്ക് ബിജെപി.വിജയ് ഷാക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകും. വിശദീകരണത്തിന് ശേഷം തുടർ നടപടി സ്വീകരിക്കും. നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ച ഭീകരരെ അവരുടെ സഹോദരിയെ വിട്ട് മോദി പാഠം പഠിപ്പിച്ചുവെന്നായിരുന്നു വിവാദ പ്രസംഗം. 

കഴിഞ്ഞ ദിവസമാണ് ബിജെപി മന്ത്രി സോഫിയക്കെതിരെ വിവാദ പരാമര്‍ശമുന്നയിച്ചത്. തുടര്‍ന്ന് ഇയാള്‍ക്കെതിരെ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. മന്ത്രിയെ സ്ഥാനത്തുനിന്ന് പുറത്താക്കണമെന്നും അദ്ദേഹം മാപ്പ് പറയണമെന്നുമാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. പിന്നാടാണ് നടപടിയെടുക്കുമെന്ന് ബിജെപി അറിയിച്ചത്. 

2016 ല്‍ എക്‌സര്‍സൈസ് ഫോഴ്‌സ് -18 എന്ന സൈനിക അഭ്യാസത്തിനുള്ള ഇന്ത്യന്‍ സംഘത്തെ നയിക്കുന്ന ആദ്യ വനിതാ ഓഫീസറായി സോഫിയ ചരിത്രം സൃഷ്ടിച്ചാണ് ചുമതലയേറ്റത്. ഇതു വരെ ഇന്ത്യ ആതിഥേയത്വം വഹിച്ച ഏറ്റവും വലിയ പ്രധാന രാജ്യങ്ങളുടെ സൈനിക അഭ്യാസമായിരുന്നു ഇത്. മാർച്ച് 2 മുതൽ മാർച്ച് 8 വരെ പൂനെയിൽ നടന്ന സൈനിക അഭ്യാസത്തിൽ ആസിയാൻ അംഗരാജ്യങ്ങളും ജപ്പാൻ, ചൈന, റഷ്യ, യുണൈറ്റഡ് സ്റ്റേറ്റ്സ്, ദക്ഷിണ കൊറിയ, ന്യൂസിലാൻഡ്, ഓസ്ട്രേലിയ തുടങ്ങിയ ആഗോള ശക്തികളും ഉൾപ്പെടെ 18 രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുത്തിരുന്നു. ഇതിൽ, ഒരു സംഘത്തെ നയിച്ച ഏക വനിതാ ഓഫീസറായി ലെഫ്റ്റനന്റ് കേണൽ ഖുറേഷി അന്നേ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. അവരുടെ നേതൃത്വ പാടവത്തിനും, പ്രവർത്തന മികവിനും വലിയ തെളിവാണിത്.

2006 ൽ കോംഗോയിലെ ഐക്യരാഷ്ട്രസഭ മിഷനിൽ ഉണ്ടായിരുന്നതുൾപ്പെടെ ആറ് വർഷത്തോളം യുഎൻ പീസ് കീപ്പിംഗ് ഓപ്പറേഷനുകളിലും (പി‌കെ‌ഒ) പ്രവർത്തിച്ചിട്ടുണ്ട്. ഗുജറാത്ത് ആണ് സോഫിയയുടെ ജന്മദേശം. ബയോകെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദം നേടിയ കേണൽ സോഫിയ ഖുറേഷിയുടെ മുത്തച്ഛൻ ഇന്ത്യൻ ഉദ്യോഗസ്ഥനായിരുന്നു. മെക്കാനൈസ്ഡ് ഇൻഫൻട്രി ഓഫീസറാണ് ഭർത്താവ്. 

 

'സോഫിയ ഖുറേഷി ഭീകരരുടെ സഹോദരി'; BJP മന്ത്രിയുടെ പരാമർശത്തിൽ പ്രതിഷേധം ശക്തം

ബിജെപിക്ക് എന്തെങ്കിലും ആത്മാർത്ഥത ഉണ്ടെങ്കിൽ വിഷ ലിപ്തമായ പ്രസ്താവന നടത്തിയ മന്ത്രിയെ പുറത്താക്കണമെന്ന് ഡോണ്‍ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടു.വിവാദ പ്രസംഗത്തിനിടെ ഒപ്പമുണ്ടായിരുന്ന ബിജെപി നേതാക്കളെല്ലാം ആർത്ത് അട്ടഹസിച്ചു ചിരിക്കുകയായിരുന്നു.ഇത് ഒറ്റപ്പെട്ട സംഭവമല്ല.വിക്രം മിസ്രിക്ക് എതിരെയും സൈബർ ആക്രമണം നടത്തി, എസ് ജയശങ്കർ ഒരു പ്രതികരണം പോലും നടത്തിയില്ല.സുപ്രീം കോടതിക്ക് എതിരെയും ആർഎസ്എസ് ബിജെപി നേതാക്കൾ നിരന്തരം പ്രസ്താവനകൾ നടത്തുന്നു.സുപ്രീം കോടതിക്ക് എതിരെ ഗുരുതര പരാമർശം നടത്തിയ rss നേതാവ് j നന്ദകുമാറിന് എതിരെ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

അതേസമയം, ബിജെപിയുടെ തിരം​ഗ യാത്ര ഇന്ന് ബിഹാറിലെത്തുന്നതില്‍ വിമർശനവുമായി പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് രംഗത്തെത്തെത്തി. സൈന്യത്തെ രാഷ്ട്രീയ ലാഭത്തിനായി ഉപയോ​ഗിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. സൈന്യത്തിന്‍റെ  നടപടികളിൽ അഭിമാനമുണ്ടെന്നും എന്നാൽ ക്രെഡിറ്റിനായുള്ള രാഷ്ട്രീയത്തിനെതിരാണെന്നും അദ്ദേഹം പറഞ്ഞു.