Asianet News MalayalamAsianet News Malayalam

ജനരോഷം ചെറുക്കാൻ ബിജെപി: 1000 റാലികൾ, 300 വാർത്താ സമ്മേളനങ്ങൾ, 10 ദിവസം പ്രചാരണം

ബിജെപിയുടെ സാമൂഹ്യമാധ്യമങ്ങളിലെ അക്കൗണ്ടുകളിൽ നിന്ന് രാജ്യവ്യാപക പ്രചാരണം നടത്തുന്നതിനൊപ്പം വീടുവീടാന്തരം കയറി എൻആർസിയെക്കുറിച്ചും പൗരത്വ നിയമഭേദഗതിയെക്കുറിച്ചും സംസാരിക്കാനാണ് നിർദേശം. 

bjp plans to do extensive campaign to resist public anger against nrc and caa
Author
New Delhi, First Published Dec 21, 2019, 5:29 PM IST

ദില്ലി: ദേശീയ പൗരത്വ നിയമഭേദഗതി കൊണ്ടുവന്നതിന് പിന്നാലെ ഉയർന്ന വലിയ ജനകീയപ്രതിഷേധങ്ങളിൽ പ്രതിരോധത്തിലായ ബിജെപി വിപുലമായ പ്രചാരണത്തിന് തുടക്കം കുറിക്കാനൊരുങ്ങുന്നു. പൗരത്വ നിയമഭേദഗതിയെക്കുറിച്ചും, ദേശീയ പൗരത്വ റജിസ്റ്ററിനെക്കുറിച്ചും ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടെന്നും ജനരോഷം ഉയരുന്ന സാഹചര്യത്തിൽ ഇതിനെക്കുറിച്ച് ജനങ്ങൾക്കിടയിൽ വ്യക്തത കൊണ്ടുവരേണ്ടതുണ്ടെന്നും ബിജെപി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ ബിജെപി ജനറൽ സെക്രട്ടറി ഭൂപേന്ദർ യാദവ് പറഞ്ഞു. 

വിപുലമായി പണം ചെലവഴിച്ച്, വൻ പ്രചാരണം നടത്താൻ തന്നെയാണ് ബിജെപി ഒരുങ്ങുന്നത്. താഴേത്തട്ടിൽ നിന്ന് പ്രചാരണം തുടങ്ങും. അടുത്ത പത്ത് ദിവസം രാജ്യവ്യാപകമായി സത്വരപ്രചാരണം ഉണ്ടാകും. വീടുവീടാന്തരം കയറി ദേശീയ പൗരത്വ റജിസ്റ്ററിനെക്കുറിച്ച് വിശദീകരിക്കലാണ് ആദ്യപടി. ഇത്തരമൊരു നിർദേശം ബിജെപി കീഴ്ഘടകങ്ങൾക്ക് നൽകിക്കഴിഞ്ഞു. നിയമഭേദഗതിക്ക് അനുകൂലമായി രാജ്യത്ത് ആയിരം റാലികൾ സംഘടിപ്പിക്കും. വരാനിരിക്കുന്ന ദില്ലി അടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന റാലികളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും, ആഭ്യന്തരമന്ത്രി അമിത് ഷായും, ബിജെപി പ്രവർത്തനാദ്ധ്യക്ഷൻ ജെ പി നദ്ദയും പങ്കെടുക്കുന്നതിന് പുറമേയാണിത്. 

വീടുവീടാന്തരം കയറിയുള്ള പ്രചാരണത്തിൽ മൂന്ന് കോടി കുടുംബങ്ങളെയെങ്കിലും നേരിട്ട് കാണാനാണ് ഞങ്ങൾ തീരുമാനിച്ചിരിക്കുന്നത്. രാജ്യവ്യാപകമായി മുന്നൂറ് ഇടങ്ങളിൽ വാർത്താ സമ്മേളനങ്ങൾ നടത്തും. ആയിരം റാലികൾ ബില്ലിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റാനായി നടത്തും. 

പൗരത്വ നിയമഭേദഗതിക്ക് എതിരെയും രാജ്യവ്യാപകമായി നടത്താനിരിക്കുന്ന പൗരത്വ റജിസ്റ്റർ നിർമാണത്തിനെതിരെയുമുള്ള പ്രക്ഷോഭങ്ങൾ രാജ്യവ്യാപകമായി ആളിപ്പടരുകയാണ്. ഉത്തർപ്രദേശിൽ അക്രമങ്ങളിൽ മരിച്ചവരുടെ എണ്ണം 15 ആയി. മംഗലാപുരത്ത് രണ്ട് പേർ പൊലീസും പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലിനിടെ വെടിയേറ്റ് മരിച്ചു. ഉത്തർപ്രദേശിൽ പൊലീസ് വെടിയുതിർത്തിട്ടേ ഇല്ലെന്നാണ് പൊലീസിന്‍റെ വിശദീകരണം. മംഗലാപുരത്ത് പൊലീസ് സ്റ്റേഷൻ കത്തിക്കാൻ പോയവരെയാണ് വെടിവച്ച് കൊന്നതെന്ന വിശദീകരണവും പൊലീസ് നൽകുന്നു. ജാമിയ മിലിയ ഇസ്ലാമിയ അടക്കമുള്ള സർവകലാശാലകളിൽ പൊലീസ് നടത്തിയ നടപടിയും ഇതിനെതിരായ പ്രതിഷേധം ക്യാമ്പസുകളിലെല്ലാം പടർന്നതും ബിജെപിയെ വലിയ രീതിയിൽ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. 

ഈ സാഹചര്യത്തിലാണ് പൗരത്വ ബില്ലിനെതിരായ പ്രതിഷേധത്തിനെതിരെ മറുപ്രചാരണം നടത്താൻ ബിജെപി തീരുമാനിക്കുന്നത്. അതിനായി വൻ പ്രചാരണവും അഴിച്ചുവിടാൻ തീരുമാനിക്കുന്നത്. 

ഇതിന്‍റെ ഭാഗമായി ബിജെപിയുടെ ട്വിറ്റർ അക്കൗണ്ടിലടക്കം വൻ പ്രചാരണപ്രവർത്തനങ്ങളും വീഡിയോകളും പ്രസിദ്ധീകരിച്ച് തുടങ്ങിക്കഴിഞ്ഞു. സുപ്രീംകോടതിയുടെ നിർദേശപ്രകാരം പൗരത്വ നിയമഭേദഗതിയെക്കുറിച്ച് വ്യക്തത വരുത്താമെന്ന് കേന്ദ്രസർക്കാർ സമ്മതിച്ചിരുന്നതാണ്. അതനുസരിച്ച് ഹിന്ദി പ്രാദേശിക ചാനലുകളിൽ ഈ നിയമഭേദഗതിയെക്കുറിച്ച് കേന്ദ്രസർക്കാരിന്‍റെ വാർത്താ വിതരണ മന്ത്രാലയം വഴിയുള്ള പ്രചാരണവും ചെറു പരസ്യവീഡിയോകളും പ്രസിദ്ധീകരിച്ച് തുടങ്ങിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പാർട്ടി തലത്തിലും വൻ പ്രചാരണ പരിപാടികൾക്ക് ബിജെപി പദ്ധതിയിടുന്നത്. 

ഉത്തർപ്രദേശിലും, ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലുമടക്കം ഉണ്ടായ അക്രമങ്ങൾക്ക് ഉത്തരവാദി കോൺഗ്രസാണെന്ന് ബിജെപി വാർത്താ സമ്മേളനത്തിൽ ആവർത്തിക്കുന്നു. ഇത്തരം അക്രമം അഴിച്ചുവിട്ട് രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കിടയിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയായിരുന്നു കോൺഗ്രസിന്‍റെ ഉദ്ദേശമെന്നും ബിജെപി. 

Follow Us:
Download App:
  • android
  • ios