മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡി (എം‌വി‌എ) സർക്കാർ രാഷ്ട്രീയ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് മഹാരാഷ്ട്ര ബിജെപി അധ്യക്ഷന്റെ പരാമർശമെന്നതും ശ്രദ്ധേയം. 10 ശിവസേന എംഎൽഎമാർക്കൊപ്പം ഏക്നാഥ് ഷിൻഡെ ഗുജറാത്തിലെ സൂറത്തിലെ ഹോട്ടലിലേക്ക് മാറിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടെ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ദേവേദ്ര ഫഡ്‌നവിസ് പാർട്ടി നേതാക്കൾക്ക് മധുരം വിതരണം ചെയ്യാൻ ദില്ലിയിലേക്ക് പുറപ്പെട്ടെന്ന് സംസ്ഥാന ബിജെപി അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ. തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് ശേഷം ദേശീയ നേതാക്കളുടെ അടുത്തേക്ക് മധുരപലഹാരങ്ങളുമായി പോകുന്നത് ഞങ്ങളുടെ പാരമ്പര്യമാണ്. ദേവേന്ദ്ര ഫഡ്‌നവിസ് ദില്ലിയിലെ ഞങ്ങളുടെ പാർട്ടി നേതാക്കൾക്കിടയിൽ മധുരപലഹാരങ്ങൾ വിതരണം ചെയ്യാൻ പോയി- പാട്ടീലിനെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു.

മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡി (എം‌വി‌എ) സർക്കാർ രാഷ്ട്രീയ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് മഹാരാഷ്ട്ര ബിജെപി അധ്യക്ഷന്റെ പരാമർശമെന്നതും ശ്രദ്ധേയം. 10 ശിവസേന എംഎൽഎമാർക്കൊപ്പം ഏക്നാഥ് ഷിൻഡെ ഗുജറാത്തിലെ സൂറത്തിലെ ഹോട്ടലിലേക്ക് മാറിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. വാർത്തകൾ സ്ഥിരീകരിച്ച് ശിവസേന നേതാവ് സഞ്ജയ് റാവത്തും രം​ഗത്തെത്തി. ശിവസേനയുടെയും ഏക്‌നാഥ് ഷിൻഡെയുടെയും ചില എം‌എൽ‌എമാരെ ഇപ്പോൾ ബന്ധപ്പെടാനാകുന്നില്ല. മഹാരാഷ്ട്ര സർക്കാരിനെ താഴെയിറക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. എന്നാൽ മഹാരാഷ്ട്ര രാജസ്ഥാനിൽ നിന്നോ മധ്യപ്രദേശിൽ നിന്നോ വളരെ വ്യത്യസ്തമാണെന്ന് ബിജെപി ഓർക്കണമെന്നും റാവത്ത് മുന്നറിയിപ്പ് നൽകി. 

മഹാരാഷ്ട്ര എംഎൽസി തെരഞ്ഞെടുപ്പിൽ ക്രോസ് വോട്ട് നടന്നതായി സംശയം തോന്നിയതിന് തൊട്ടുപിന്നാലെയാണ് സംഭവം. കോൺഗ്രസിലെ എംവിഎ സ്ഥാനാർത്ഥി ചന്ദ്രകാന്ത് ഹന്ദോർ എംഎൽഎഎസ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നു.
മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിലിലെ (എംഎൽസി) ആകെയുള്ള 10 സീറ്റുകളിൽ ഒരു സീറ്റ് നേടാൻ കോൺഗ്രസിന് കഴിഞ്ഞപ്പോൾ ബിജെപി അഞ്ച് സീറ്റുകളും എൻസിപി ശിവസേന എന്നിവർ രണ്ടും വീതം നേടി.