ജാർഖണ്ഡിന്റെ പ്രതിനിധിയായി രാജ്യസഭയിലെത്തിയ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വി ഇത്തവണ പട്ടികയിലില്ല.  മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറും പുറത്തായി.

ദില്ലി: ജൂൺ 10ന് നടക്കുന്ന രാജ്യസഭ തെരഞ്ഞെടുപ്പിൽ 18 സ്ഥാനാർഥികളുടെ പട്ടിക പുറത്തിറക്കി ബിജെപി. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനെയും വാണിജ്യ മന്ത്രി പിയൂഷ് ഗോയലിനെയും രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തു. 15 സംസ്ഥാനങ്ങളിലായി 57 സീറ്റിലേക്കാണ് പോളിംഗ് നടക്കുക. കർണാടകയിൽ നിന്നാണ് നിർമ്മലാ സീതാരാമൻ മത്സരിക്കുന്നത്. മഹാരാഷ്ട്രയിൽ നിന്ന് പിയൂഷ് ഗോയലും മത്സരിക്കും. അതേസമയം, ജാർഖണ്ഡിന്റെ പ്രതിനിധിയായി രാജ്യസഭയിലെത്തിയ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വി ഇത്തവണ പട്ടികയിലില്ല. മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറും പുറത്തായി.

ഒപി മാത്തൂർ, ബിജെപി ജനറൽ സെക്രട്ടറി ദുഷ്യന്ത് ഗൗതം, വിനയ് സഹസ്‌ത്രബുദ്ധെ തുടങ്ങിയ മുതിർന്ന നേതാക്കളെയും പരി​ഗണിച്ചില്ല. ബിജെപിയുടെ രാജ്യസഭയിലെ ചീഫ് വിപ്പും മുൻ കേന്ദ്രമന്ത്രിയുമായ ശിവപ്രതാപ് ശുക്ലയെയും ഒഴിവാക്കി. യുപി തിരഞ്ഞെടുപ്പിന് മുമ്പ് സമാജ്‌വാദി പാർട്ടിയിലേക്ക് മാറിയ സഞ്ജയ് സേത്ത്, ബിജെപി ദേശീയ വക്താവ് സയ്യിദ് സഫർ ഇസ്‌ലാം എന്നിവരെയും ഒഴിവാക്കി. 11 സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്ന ഉത്തർപ്രദേശിൽ നിന്ന് ആറ് സ്ഥാനാർത്ഥികളെ നാമനിർദേശം ചെയ്തു. ലക്ഷ്മികാന്ത് ബാജ്‌പേയ്, രാധാ മോഹൻ അഗർവാൾ, സുരേന്ദ്ര നഗർ, ബാബുറാം നിഷാദ്, ദർശന സിംഗ്, സംഗീത യാദവ് എന്നിവരെയാണ് നാമനിർദേശം ചെയ്തത്.

രാജ്യസഭാ സീറ്റ് നിർണയത്തിൽ ബിജെപിയിലും അതൃപ്തി, മന്ത്രിസഭാ പുനഃസംഘടന വരുമോ?

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വേണ്ടി ഗോരഖ്പൂർ സീറ്റ് വിട്ടുകൊടുത്ത രാധാ മോഹൻ അഗർവാളിനെ രാജ്യസഭയിലേക്ക് പരി​ഗണിച്ചു. ബാബുറാം നിഷാദ് ദർശന സിംഗ്, സംഗീത യാദവ് എന്നിവരാണ് യുപിയിലെ മറ്റ് സ്ഥാനാർത്ഥികൾ. ബിഹാറിൽ നിന്നുള്ള രാജ്യസഭാംഗമായ എസ് സി ദുബെയെ വീണ്ടും നാമനിർദേശം ചെയ്തു. ഒബിസി (മറ്റ് പിന്നോക്ക വിഭാഗം) നേതാവ് ശംഭു ഷാരോൺ പട്ടേലാണ് ബിഹാറിലെ മറ്റൊരു സ്ഥാനാർഥി.