ജനാധിപത്യത്തിലെ കറുത്ത ദിനമെന്ന് വിശേഷിപ്പിച്ച ആംആദ്മി, സിസോദിയയുടെ അറസ്റ്റ് ബിജെപിയുടെ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്നും തുറന്നടിച്ചു
ദില്ലി : മദ്യനയ കേസിലെ ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അറസ്റ്റിന് പിന്നാലെ ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ രൂക്ഷവിമര്‍ശനവുമായി എഎപിയും അരവിന്ദ് കെജ്രിവാളടക്കമുള്ള നേതാക്കളും. ജനാധിപത്യത്തിലെ കറുത്ത ദിനമെന്ന് വിശേഷിപ്പിച്ച ആംആദ്മി, സിസോദിയയുടെ അറസ്റ്റ് ബിജെപിയുടെ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്നും തുറന്നടിച്ചു. ലോകത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ മന്ത്രിയെയാണ് ബിജെപി ഇടപെടലിൽ സിബിഐ വ്യാജ കേസിൽ അറസ്റ് ചെയ്തത്. ഇതെല്ലാം ബിജെപിയുടെ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്നും പാര്‍ട്ടി കുറ്റപ്പെടുത്തി.
ബിജെപിയുടെ വൃത്തികെട്ട രാഷ്ട്രീയമെന്ന് സിസോദിയുടെ അറസ്റ്റെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ട്വീറ്റ് ചെയ്തു. സിസോദിയ നിരപരാധിയാണ്. ഇവിടെ എന്താണ് നടക്കുന്നതെന്ന് രാജ്യത്തെ ജനങ്ങൾക്ക് മനസിലാകും. ജനങ്ങൾ പ്രതികരിക്കുമെന്നും തങ്ങളുടെ പോരാട്ടം ശക്തിപ്പെടുമെന്നും ദില്ലി മുഖ്യമന്ത്രി കെജ്രിവാൾ പ്രതികരിച്ചു.
ബിജെപിക്ക് എഎപിയെ ഭയമായതിനാലാണ് കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നത് ആതിഷി മർലേന ആരോപിച്ചു. ഇതുകൊണ്ടൊന്നും ആം ആദ്മി പാർട്ടി നേതാക്കൾ ഭയപ്പെടില്ല. ഇപ്പോൾ ദില്ലിയിലെ വിദ്യാഭ്യാസ മന്ത്രിയായ മനീഷ് സിസോദിയ നാളെ ഈ രാജ്യത്തിന്റെ വിദ്യാഭ്യാസ മന്ത്രിയാകും. മനീഷ് സിസോദിയ കുറ്റക്കാരനാണെന്ന് കോടതിയിൽ തെളിയിക്കാനും ആതിഷി ബിജെപിയെ വെല്ലുവിളിച്ചു.
അതേ സമയം, അറസ്റ്റിന് പിന്നാലെ ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച ആംആദ്മിക്ക് മറുപടിയുമായി ബിജെപി നേതാവ് കപിൽ മിശ്ര രംഗത്തെത്തി. അടുത്തത് കെജ്‌രിവാളാണെന്നും ദില്ലിയിലെ അഴിമതിക്കാർ ജയിലിലേക്ക് പോകുമെന്നും കപിൽ മിശ്ര തുറന്നടിച്ചു.
എട്ട് മണിക്കൂര്‍ നീണ്ടു നിന്ന ചോദ്യം ചെയ്യലിനൊടുവിലാണ് മദ്യനയ കേസിൽ ദില്ലി ഉപമുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. സിബിഐ രജിസ്റ്റർ ചെയ്ത മദ്യ നയ കേസിലെ ഒന്നാം പ്രതിയാണ് സിസോദിയ. അറസ്റ്റിന്റെ പശ്ചാത്തലത്തിൽ സിബിഐ ആസ്ഥാനത്തിന് ചുറ്റും പൊലീസ് നിരോധനാജ്ഞയും വൻ സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

