അധിക്ഷേപ മുദ്രാവാക്യത്തെ കോൺ​ഗ്രസ് അപലപിക്കുകയെങ്കിലും ചെയ്യണമെന്ന് കേന്ദ്രമന്ത്രി നിർമല സീതാരാമൻ

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമ്മയ്ക്കുമെതിരായ അസഭ്യ മുദ്രാവാക്യത്തിൽ വിമർശനം കടുപ്പിച്ച് ബിജെപി. രാഹുല്‍ ഗാന്ധിക്കും തേജസ്വി യാദവിനുമെതിരെ വനിത നേതാക്കള്‍ കൂട്ടത്തോടെ രംഗത്തെത്തി. അധിക്ഷേപ മുദ്രാവാക്യത്തെ കോൺ​ഗ്രസ് അപലപിക്കുകയെങ്കിലും ചെയ്യണമെന്ന് കേന്ദ്രമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. ഇത്തരം പരാമർശങ്ങൾക്ക് ബിഹാറിലെ ജനങ്ങൾ തക്ക മറുപടി നൽകുമെന്ന് മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനി വ്യക്തമാക്കി. ഇരു നേതാക്കളും രാഷട്രീയത്തിന് അപമാനമെന്ന് ദില്ലി മുഖ്യമന്ത്രി രേഖ ​ഗുപ്ത പറഞ്ഞു. അതേസമയം, വോട്ടർമാർ നേതാക്കൾക്ക് തക്ക മറുപടി നൽകുമെന്ന് അപരാജിത് സാരം​ഗി എംപി വ്യക്തമാക്കി. മമത ബാനർജിയടക്കം പ്രതിപക്ഷത്തെ ഒരു നേതാവും അസഭ്യ മുദ്രാവാക്യത്തെ അപലപിക്കാത്തത് ഞെട്ടിപ്പിക്കുന്നതെന്ന് ലോകേത് ചാറ്റർജി പ്രതികരിച്ചു.

പ്രധാനമന്ത്രിയെ അപമാനിച്ചതിനെതിരെ നാളെ എൻഡിഎ ബീഹാറിൽ ബന്ദിന് ആഹാനം നല്‍കിയിരിക്കുകയാണ്. തനിക്കും അമ്മയ്ക്കുമെതിരായ അസഭ്യ മുദ്രാവാക്യത്തിൽ ഏറെ വൈകാരികമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചത്. ബിഹാറിലെ വനിതാ സംരംഭകർക്കുള്ള സഹായ പദ്ധതി ഓൺലൈനായി ഉദ്ഘാടനം ചെയ്ത് ലക്ഷക്കണക്കിന് വനിതകളെ അഭിസംബോധന ചെയ്തായിരുന്നു പ്രതികരണം. 

ആർജെഡിയും കോൺ​ഗ്രസും രാജ്യത്തെ എല്ലാ അമ്മമാർക്കും അപമാനമുണ്ടാക്കി. താൻ മാപ്പ് നൽകും, പക്ഷേ ബിഹാറിലെ അമ്മമാർ അവർക്ക് മാപ്പ് നൽകില്ല. രാജകുടുംബത്തിലുള്ളവർക്ക് പ്രത്യക പരിഗണനയൊന്നും കിട്ടാതെ താഴെതട്ടിൽ ജീവിച്ച അമ്മയുടെയും മകന്റെയും കഷ്ടപ്പാടുകൾ മനസ്സിലാകില്ല. വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ച ഇവർ ബിഹാർ കുടുംബസ്വത്തായാണ് കാണുന്നതെന്നും രാഹുലിനെയും തേജസ്വിയയെും ഉന്നമിട്ട് മോദി പറഞ്ഞു. വോട്ടര്‍ അധികാര്‍ യാത്രക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയെ കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അധിക്ഷേപിച്ചുവെന്ന ആരോപണത്തിലാണ് പ്രധാനമന്ത്രി തുറന്നടിച്ചത്.

YouTube video player