രാഷ്ട്രപതി ഭവനിൽ നടന്ന റിപ്പബ്ലിക് ദിന വിരുന്നിൽ രാഹുൽ ഗാന്ധി പരമ്പരാഗത ഷാളായ 'പട്ക' ധരിക്കാത്തതിനെ ചൊല്ലി ബിജെപി വിവാദമുയർത്തി. പ്രധാനമന്ത്രിയും മറ്റ് പ്രമുഖരും ഷോൾ ധരിച്ചപ്പോൾ രാഹുൽ വിട്ടുനിന്നുവെന്ന് ബിജെപി ആരോപിച്ചു

ദില്ലി: റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി രാഷ്ട്രപതി ഭവനിൽ നടന്ന വിരുന്നിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വസ്ത്രധാരണത്തെ ചൊല്ലി വിവാദം. വിരുന്നിൽ പങ്കെടുക്കാൻ എത്തിയവർക്ക് നൽകിയ അസമിലെ പരമ്പരാഗത ഷോളായ പട്ക രാഹുൽ ഗാന്ധി ധരിക്കാത്തതിനെ ചൊല്ലിയാണ് പുതിയ വിവാദം. രാഷ്ട്രപതി ഒന്നിലധികം തവണ പട്ക ധരിക്കാൻ രാഹുൽ ഗാന്ധിയെ ഓർമ്മിപ്പിച്ചെങ്കിലും രാഹുൽ അത് അനുസരിച്ചില്ലെന്നാണ് ബി ജെ പി കുറ്റപ്പെടുത്തുന്നത്. പ്രധാനമന്ത്രിയും യൂറോപ്പ്യൻ യൂണിയൻ നേതാക്കളും വിദേശ പ്രതിനിധികളും മറ്റ് മന്ത്രിമാരും ഉൾപ്പെടെയുള്ളവർ ചടങ്ങിൽ നൽകിയ ഷോൾ ധരിച്ചപ്പോഴാണ് രാഹുൽ ഗാന്ധി വിട്ടു നിന്നതെന്ന് ബി ജെ പി വക്താവ് അമിത് മാളവ്യ ആരോപിച്ചു. എന്നാൽ രാഹുൽ ഗാന്ധി ഷോൾ ധരിച്ചിരുന്നവെന്നും ഭക്ഷണം കഴിക്കുന്ന നേരം മാത്രമാണ് ഷോൾ മാറ്റിവെച്ചതെന്നുമാണ് കോൺഗ്രസ് വാദം.

റിപ്പബ്ലിക് ദിന പരേഡിലെ രാഹുൽ ഗാന്ധിയുടെ ഇരിപ്പിടത്തിലും വിവാദം

നേരത്തെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ സര്‍ക്കാര്‍ അപമാനിച്ചുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തുവന്നിരുന്നു. മൂന്നാം നിരയിലാണ് രാഹുല്‍ ഗാന്ധിക്ക് ഇരിപ്പിടമൊരുക്കിയത്. രാജ്യത്തെ പ്രതിപക്ഷ നേതാവിനോടുള്ള ഈ രീതിയിലെ അവഹേളനം അംഗീകരിക്കാനാവില്ലെന്ന് എ ഐ സിസി ജനറൽ സെക്രട്ടറി രണ്‍ദീപ് സിംഗ് സുര്‍ജേവാല പ്രതികരിച്ചു. 2018 ല്‍ രാഹുല്‍ ഗാനധിക്ക് ഏറ്റവും പിന്‍നിരയില്‍ ഇരിപ്പിടം നല്‍കിയതിനെതിരെയും കോണ്‍ഗ്രസ് പ്രതിഷേധമുയര്‍ത്തിയിരുന്നു. പ്രോട്ടോകോള്‍ പ്രകാരം ഏറ്റവും മുന്‍നിരയില്‍ കേന്ദ്രമന്ത്രിമാര്‍ക്കൊപ്പമാണ് പ്രതിപക്ഷ നേതാവിന് ഇരിപ്പിടം നല്‍കേണ്ടതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടി. നിരവധി പേർക്ക് ഒന്നാം നിരയിൽ ഇരിപ്പിടം ഒരുക്കിയിട്ടും പ്രതിപക്ഷ നേതാവിന്‍റെ ഇരിപ്പിടം മാത്രം മൂന്നാം നിരയിലേക്ക് മാറ്റിയത് എന്തികൊണ്ടെന്ന ചോദ്യവും കോൺഗ്രസ് ഉയർത്തുന്നുണ്ട്. മൂന്നാം നിരയിൽ രാഹുൽ ഗാന്ധിയിരിക്കുന്ന ചിത്രമടക്കം പുറത്തുവിട്ടുകൊണ്ടായിരുന്നു കോൺഗ്രസിന്‍റെ ചോദ്യം.