കോൺഗ്രസ് നേതാക്കളായ മല്ലികാർജൂൻ ഖാർഗെ, അധിർ രജ്ഞൻ ചൗധരി എന്നിവരോടും ഫാറൂഖ് അബ്ദുള്ള, എച്ച് ഡി ദേവഗൗഡ എന്നീ മുതിർന്ന നേതാക്കളോടും രാഷ്ട്രീയം കണക്കിലെടുക്കാതെ ഐക്യകണ്ഠേന ദ്രൗപദി മുർമ്മുവിനെ പിന്തുണയ്ക്കണമെന്നാവശ്യപ്പെട്ടു.
ദില്ലി: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തെ ഒപ്പം കൂട്ടാനുള്ള ശ്രമങ്ങളുമായി ബിജെപി മുന്നോട്ട്. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ പ്രതിപക്ഷ നേതാക്കളുമായി സംസാരിച്ചു. കോൺഗ്രസ് നേതാക്കളായ മല്ലികാർജൂൻ ഖാർഗെ, അധിർ രജ്ഞൻ ചൗധരി എന്നിവരോടും ഫാറൂഖ് അബ്ദുള്ള, എച്ച് ഡി ദേവഗൗഡ എന്നീ മുതിർന്ന നേതാക്കളോടും രാഷ്ട്രീയം കണക്കിലെടുക്കാതെ ഐക്യകണ്ഠേന ദ്രൗപദി മുർമ്മുവിനെ പിന്തുണയ്ക്കണമെന്നാവശ്യപ്പെട്ടു.
എന്നാൽ അതേ സമയം, എൻഡിഎ ദ്രൌപദി മുർമ്മുവിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതോടെ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ നിരയിൽ ഭിന്നത രൂക്ഷമാണ്. യുപിഎയ്ക്കൊപ്പമുള്ള ജാർഖണ്ഡ് മുക്തി മോർച്ച ദ്രൌപദി മുർമ്മുവിനെ പിന്തുണച്ചേക്കുമെന്ന് അഭ്യൂഹമുണ്ട്. ആരെ പിന്തുണയ്ക്കണമെന്ന തീരുമാനമെടുക്കാൻ നാളെ ജെഎംഎം യോഗം ചേരും. ജനാതദൾ എസും മുർമ്മുവിനെ പിന്തുണയ്ക്കണം എന്ന നിലപാടിലാണ്. 27 നാകും പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹ പത്രിക സമർപ്പിക്കുക. പിന്തുണ തേടി ബിഹാർ, ജാർഖണ്ഡ് സംസ്ഥാനങ്ങളിൽ യശ്വന്ത് സിൻഹ വരുന്ന രണ്ട് ദിവസം സന്ദർശനം നടത്തും.
അതേ സമയം, എൻഡിഎ സ്ഥാനാർത്ഥി ദ്രൗപദി മുർമ്മു പാർലമെന്‍റില്‍ എത്തി നാമനിർദേശപത്രിക സമർപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പടെയുള്ളവർ ദ്രൗപദി മുർമ്മുവിൻറെ പേര് നിർദ്ദേശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പുറമെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി അദ്ധ്യക്ഷൻ ജെപി നഢ്ഡ തുടങ്ങിയവരാണ് ദ്രൗപദി മുർമ്മുവിനെ നിർദ്ദേശിക്കുന്ന പത്രികകളിൽ ഒപ്പുവച്ചത്. ജെഡിയു, ബിജു ജനതാദൾ, വൈഎസ്ആർകോൺഗ്രസ്, അണ്ണാ ഡിഎംകെ തുടങ്ങിയ പാർട്ടികളും പിന്തുണച്ചു. ആകെ നാല് സെറ്റ് പത്രികകളാണ് നല്കിയത്. പാർലമെൻറ് വളപ്പിലെ മഹാത്മ ഗാന്ധിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രിക്കൊപ്പം മുർമു 29ആം നമ്പർ മുറിയിൽ രാജ്യസഭ സെക്രട്ടറി ജനറലിന് പത്രിക നൽകാനെത്തിയത്. സോണിയ ഗാന്ധി, മമത ബാനർജി, ശരദ് പവാർ തുടങ്ങിയ പ്രതിപക്ഷ നേതാക്കളെയും പത്രിക നല്കും മുമ്പ് മുർമ്മു വിളിച്ചു.
ദ്രൗപതി മുർമുവിനെ പിന്തുണക്കണം -കെ സുരേന്ദ്രൻ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും കത്ത് നൽകി
രാഷ്‌ട്രപതി തെരെഞ്ഞെടുപ്പില്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായ ദ്രൗപതി മുർമുവിനെ പിന്തുണക്കണം എന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും കത്ത് നൽകി. തന്‍റെ ജീവിതം സമൂഹത്തെ സേവിക്കുന്നതിനും, ദരിദ്രരെയും അധഃസ്ഥിതരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും ശാക്തീകരിക്കുന്നതിനും സമർപ്പിച്ച ദ്രൗപതി മുർമുവിനെ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പിന്തുണയ്ക്കാൻ ഇടതുപക്ഷവും പ്രതിപക്ഷവും തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍ അഭ്യര്‍ത്ഥിച്ചു. കൂടുതൽ ഇവിടെ വായിക്കാം
