തമിഴ്നാട് ബിജെപിയിൽ വീണ്ടും രാജി. ബിജെപി സംസ്ഥാന സെക്രട്ടറി അമർ പ്രസാദ് റെഡ്ഡി പാർട്ടിയിൽനിന്ന് രാജിവെച്ചു. അണ്ണാമലൈയുടെ രാജിക്ക് പിന്നാലെയാണ് തീരുമാനം. അണ്ണാമലൈയ്ക്കൊപ്പം ചേരുമെന്നും അമർ പ്രസാദ് റെഡ്ഡി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
ചെന്നൈ: ബിജെപി തമിഴ്നാട് മുൻ അധ്യക്ഷൻ കെ അണ്ണാമലൈ പാർട്ടിയിൽനിന്ന് രാജിവെച്ചതിനെ തുടർന്ന് സംസ്ഥാന ബിജെപിയിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു. ബിജെപി സംസ്ഥാന സെക്രട്ടറി അമർ പ്രസാദ് റെഡ്ഡി പാർട്ടിയിൽനിന്ന് രാജിവെച്ചു. സോഷ്യൽ മീഡിയയിലൂടെ ആണ് അമർ പ്രസാദ് റെഡ്ഡി രാജിപ്രഖ്യാപനം നടത്തിയത്. അണ്ണാമലൈയ്ക്കൊപ്പം ചേരുമെന്നും അമർ പ്രസാദ് റെഡ്ഡി പ്രഖ്യാപിച്ചു. നേരത്തെ, അണ്ണാമലൈയുടെ രാജിക്ക് പിന്നാലെ സംസ്ഥാന സെക്രട്ടറിയായിരുന്ന സുമതി വെങ്കടേഷും രാജിവെച്ചിരുന്നു.
അണ്ണാമലൈയുടെ രാജിക്ക് പിന്നാലെ സംസ്ഥാന ഉപാധ്യക്ഷൻ കരു നാഗരാജൻ അടക്കം 15 പേർ പാർട്ടി വിട്ടിരുന്നു. അണ്ണാമലൈയുടെ രാജി പാർട്ടിയെ ബാധിക്കില്ലെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ്റെ പ്രതികരണത്തിനിടെ ആണ് കൂട്ടരാജി ഉണ്ടായത്.
അതേസമയം ബിജെപി വിട്ട് പുതിയ രാഷ്ട്രീയ മൂവ്മെൻ്റിന് രൂപം നൽകിയ അണ്ണാമലൈയ്ക്ക് പിന്തുണയേറുകയാണ്. അണ്ണാമലൈയുടെ 'വി ദ ലീഡേഴ്സ്' മൂവ്മെൻ്റിൽ രജിസ്റ്റർ ചെയ്ത വളണ്ടിയർമാരുടെ എണ്ണം 17 ലക്ഷം പിന്നിട്ടു. ദിവസങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്കൊടുവിൽ ജൂൺ അഞ്ചിനാണ് അണ്ണാമലൈ പാർട്ടി വിടുന്നതായുള്ള പ്രഖ്യാപനം നടത്തിയത്. ബിജെപി ദേശീയ നേതൃത്വവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു രാജിപ്രഖ്യാപനം. 2031ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും അതിന് മുന്നോടിയായി തൻ്റെ സംഘടന രാഷ്ട്രീയ പാർട്ടിയാകുമെന്നും അണ്ണാമലൈ വ്യക്തമാക്കിയിട്ടുണ്ട്.
ഐപിഎസ് ഉദ്യോഗം രാജിവെച്ചാണ് കുപ്പുസ്വാമി അണ്ണാമലൈ എന്ന കെ അണ്ണാമലൈ ബിജെപിക്കൊപ്പം ചേർന്നത്. 2020ൽ ബിജെപിയിൽ ചേർന്ന അണ്ണാമലൈ, തൊട്ടടുത്ത വർഷം ബിജെപി തമിഴ്നാട് ഘടകത്തിൻ്റെ അധ്യക്ഷനായി. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് അണ്ണാമലൈയെ സംസ്ഥാന അധ്യക്ഷ പദവിയിൽനിന്ന് നീക്കിയതും നൈനാർ നാഗേന്ദ്രനെ പകരം നിയമിച്ചതും.


