ചെന്നൈ: തമിഴ്നാട്ടിൽ ദ്രാവിഡ പാർട്ടികളെ നേരിടാൻ വേൽ യാത്രയുമായി ബിജെപി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുള്ള യാത്രയിൽ ബിജെപി കേന്ദ്ര നേതാക്കളും തമിഴ്നാട്ടിലെ മുൻനിര താരങ്ങളും പങ്കെടുക്കും. ഭാരതിയാറിന്റെ കവിതയും എംജിആറിന്റെ ചിത്രവുമായാണ് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. പ്രധാനമന്ത്രി നരേന്ദ്രമോദി എംജിആറിന്റെ പിൻഗാമി എന്ന് വിശേഷിപ്പിച്ചാണ് വെട്രിവേൽ യാത്ര.

തമിഴ്നാട് അധ്യക്ഷൻ എൽ മുരുകൻ നയിക്കുന്ന പര്യടനത്തിൽ കേന്ദ്രമന്ത്രിമാർക്കും ബിജെപി  ദേശീയ നേതാക്കൾക്കും പുറമേ കൂടുതൽ സിനിമാ താരങ്ങളെയും പങ്കെടുപ്പിക്കും. രജനീകാന്തിനെ ഉൾപ്പടെ സമാപന സമ്മേളനത്തിൽ ഭാഗമാക്കാനും നീക്കമുണ്ട്. ആർഎസ്എസ് സൈദ്ധാന്തികൻ എസ് ഗുരുമൂർത്തി ഇന്നലെ രണ്ട് മണിക്കൂറോളം താരവുമായി ചർച്ച നടത്തിയിരുന്നു.

മുരുകന്റെ ആറ് ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് തമിഴ്നാട്ടിലുടനീളം സ്വീകരണ പരിപാടികളുമായാണ് ഒരു മാസം നീണ്ട് നിൽക്കുന്ന വേൽയാത്ര. മാറ്റത്തിന്റെ  തുടക്കമെന്നും സമാപന സമ്മേളനം പുതിയ സഖ്യ സമ്മേളനത്തിന്റെ വേദിയാകുമെന്നും ബിജെപി അവകാശപ്പെട്ടു. 

എന്നാൽ ബാബറി മസ്ജിദ് തകർന്നതിന്റെ വാർഷിക ദിനമായ ഡിസംബർ 6 ന് അവസാനിക്കുന്ന വേൽ യാത്ര വർഗീയവിദ്വേഷം ലക്ഷ്യമിട്ടെന്ന് വിസികെ, ഡിഎംകെ ഉൾപ്പടെ ആരോപിച്ചു. വേൽ യാത്രക്ക് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് കത്ത് നൽകി. വേൽയാത്രയുടെ പ്രചാരണ വീഡിയോയിൽ എംജിആറിൻ്റെ ചിത്രം ഉൾപ്പെടുത്തിയതിന്റെ അമർഷത്തിലാണ് അണ്ണാഡിഎംകെ.