മംഗ്ലുരു യുവമോർച്ച ജില്ലാ സെക്രട്ടറിയായ പ്രവീൺ നെട്ടാറാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് പ്രവീണിനെ വെട്ടി കൊലപ്പെടുത്തിയത്.

മംഗ്ലൂരു: കർണാടക സുള്ള്യ ബെല്ലാരെയിൽ ബിജെപി യുവമോർച്ച നേതാവിനെ വെട്ടിക്കൊന്നു. മംഗ്ലുരു യുവമോർച്ച ജില്ലാ സെക്രട്ടറിയായ നെട്ടാരു സ്വദേശി പ്രവീണ്‍ (32) ആണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് പ്രവീണിനെ വെട്ടി കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി കട അടച്ച് വീട്ടിലേക്ക് മടങ്ങാൻ തുടങ്ങുമ്പോഴായിരുന്നു കൊലപാതകം.

ബെല്ലാരെയിലെ ഒരു പൗള്‍ട്രി ഫാമിന്‍റെ ഉടമയായ പ്രവീണ്‍ ഇന്നലെ രാത്രി ഫാം അടച്ച് വീട്ടിലേക്ക് പോവാനൊരുങ്ങുന്നതിനിടെയായിരുന്നു ആക്രമണം.
കേരള രജിസ്ട്രേഷനുള്ള ബൈക്കിലെത്തിയ പ്രതികള്‍ പ്രവീണിനെ ആക്രമിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. പ്രാദേശിക സംഘങ്ങൾ തമ്മിലുള്ള പകയാണ് കൊലപാതത്തിലേക്ക് എത്തിയതെന്നാണ് പൊലീസ് നിഗമനം. മംഗ്ലൂരുവിൽ മുൻപ് നടന്ന മറ്റൊരു കൊലപാതകത്തിന്‍റെ പ്രതികാരമായാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കി. പ്രതികളെ വേഗത്തിൽ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് പൊലീസ് സ്റ്റേഷന് മുന്നിൽ ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചു.

സമീപപ്രദേശത്ത് അടുത്തിടെ നടന്ന കൊലപാതകവമായി ഇതിന് ബന്ധമുണ്ടെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കൊലപാതകത്തിൽ പ്രതിഷേധിച്ച് കടബ, സുള്ള്യ, പുത്തൂരു താലൂക്കുകളിൽ ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തു.

ബിജെപി അധ്യക്ഷന്റെ കാർ തടഞ്ഞ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ലാത്തിവീശി. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ15 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തത് വരുകയാണ്.

Also Read: 'ബിജെപി നേതാവിന്റെ റിസോർട്ട് വ്യഭിചാര കേന്ദ്രം'; ആറ് കുട്ടികളെ മോചിപ്പിച്ചു, 73 പേർ പിടിയിൽ

Scroll to load tweet…

എൻഐഎ അന്വേഷിക്കണമെന്ന് ബിജെപി

യുവമോർച്ചാ നേതാവ് കൊല്ലപ്പെട്ട സംഭവത്തിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ഘടകം. കൊലപാതകം എൻഐഎ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ശോഭ കരന്തലജെ, ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. സംഭവത്തിൽ ബിജെപിയെ പ്രതിരോധത്തിലാക്കി സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും യുവമോർച്ച അംഗങ്ങൾ സംഘടനയിൽ നിന്ന് കൂട്ട രാജി പ്രഖ്യാപിച്ചിരുന്നു. പാർട്ടി പ്രവർത്തകരുടെ ജീവൻ സംരക്ഷിക്കുന്നതിൽ ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്ന് ആരോപിച്ചാണ് രാജി. ഇതിനിടയിലാണ് ബിജെപി എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.