സിക്കിമിൽ സൈനിക വാഹനാപകടത്തിൽ മരിച്ച  മലയാളി വൈശാഖിന്റെ മൃതദേഹം നാളെ ജന്മനാടായ പാലക്കാട് മാത്തൂരിൽ എത്തിക്കും.  

തിരുവനന്തപുരം: സിക്കിമിൽ വാഹനാപകടത്തിൽ മരിച്ച മലയാളി സൈനികൻ വൈശാഖിന്റെ മൃതദേഹം നാളെ ജന്മനാടായ പാലക്കാട് മാത്തൂരിൽ എത്തിക്കും. ഇന്ന് ഗാങ്ടോക്കിൽ വച്ച് പോസ്റ്റുമോർട്ടം അടക്കം നടപടികൾ പൂർത്തിയാക്കുമെന്നാണ് കുടുംബത്തിന് ലഭിച്ച ഒടുവിലത്തെ അറിയിപ്പ്. സേനയിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഇന്ന് വൈശാഖിൻ്റെ വീട്ടിലെത്തി, പൊതു ദർശനത്തിന് അടക്കമുള്ള ക്രമീകരണം വിലയിരുത്തും ചുങ്കമന്നം എയുപി സ്കൂളിലാകും പൊതുദർശനത്തിന് സൌകര്യം ഒരുക്കുക. വൈശാഖിൻ്റെ വീട് പാലക്കാട് എംപി വി കെ ശ്രീകണ്ഠൻ സന്ദർശിച്ചു. 221 റെജിമെൻ്റിൽ നായിക് ആയിരുന്ന വൈശാഖ് , എട്ടു വർഷം മുമ്പാണ് സേനയിൽ ചേർന്നത്. ഒക്ടോബറിലാണ് അവസാനമായി അവധിക്ക് വന്ന് മടങ്ങിയത്. ചിങ്ങണിയൂർക്കാവ് പുത്തൻ വീട്ടിൽ സഹദേവൻ്റെയും വിജയകുമാരിയുടേയും മകനാണ് വൈശാഖ്. ഭാര്യ ഗീത. ഒന്നരയ വയസ്സുള്ള മകനുണ്ട്. 

ആർമി ട്രക്ക് അപകടത്തിൽപെട്ട് 16 സൈനികരാണ് മരിച്ചത്. ഉത്തര സിക്കിമിലെ സേമ മേഖലയിൽ ഇന്നലെ രാവിലെ എട്ട് മണിക്കായിരുന്നു അപകടമുണ്ടായത്. ഉത്തര സിക്കിമിലെ ചാറ്റെനിൽ നിന്നും താങ്ങുവിലേക്ക് പോവുകയായിരുന്ന മൂന്ന് സൈനിക ട്രക്കുകളിൽ ഒന്നാണ് അപകടത്തിൽപെട്ടത്. സേമ മേഖലയിലെ മലമുകളില്‍ വളവ് തിരിയുന്നതിനിടെ ട്രക്ക് തെന്നി മലയിടുക്കിലേക്ക് മറിയുകയായിരുന്നു. മൂന്ന് ജൂനിയർ കമ്മീഷൻഡ് ഓഫീസ‌ർമാരും 13 സൈനികരുമാണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ നാല് പേർ ചികിത്സയിലാണ്. 

Read more: സിക്കിമിലെ വാഹനാപകടത്തിൽ മരിച്ച 16 സൈനികരിൽ മലയാളിയും

അപകടം ഉണ്ടായ ഉടനെ സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം തുടങ്ങിയെന്നും പരിക്കേറ്റ നാല് പേരെ ഹെലികോപ്റ്ററില്‍ ആശുപത്രിയിലേക്ക് മാറ്റിയെന്നും സൈന്യം അറിയിച്ചിരുന്നു. ചൈനയുമായും ഭൂട്ടാനുമായും അതിർത്തി പങ്കിടുന്ന മേഖലയിലാണ് അപകടമുണ്ടായത്. സംഭവത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്നും അറിയിച്ചിരുന്നു. മരിച്ച ധീര സൈനികരുടെ സേവനത്തിന് രാജ്യം എന്നും കടപ്പെട്ടിരിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും പറഞ്ഞു. അപകടത്തിന്റെ ആഘാതത്തിൽ ട്രക്ക് പൂർണണമായും തകർന്നു. വാഹനത്തിന്റെ പല ഭാഗങ്ങളും ചിന്നിച്ചിതറിയ നിലയിലാണെന്ന് സൈന്യം പുറത്തുവിട്ട ചിത്രങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. സംഭവത്തിൽ രാഹുല്‍ ഗാന്ധിയും ദുഃഖം രേഖപ്പെടുത്തിയിരുന്നു.