എതിർകക്ഷി നിരുപാധികം മാപ്പപേക്ഷിക്കാൻ തയ്യാറായെങ്കിലും പരാതിക്കാരി കേസ് തുടർന്നു കൊണ്ടുപോകാൻ വാശി പിടിക്കുകയായിരുന്നു

മുംബൈ: 90 വയസ് പ്രായമുള്ള പരാതിക്കാരിയും എതിർ കക്ഷിയും തമ്മിലുള്ള കേസ് ഒത്തു തീർക്കാനുള്ള കോടതി നിർദ്ദേശം പാലിച്ചില്ല. 2017ൽ ഫയൽ ചെയ്ത മാനനഷ്ട കേസ് 2046ലേക്ക് മാറ്റി വച്ച് മുബൈ ഹൈക്കോടതി. ഹർജിക്കാർ തമ്മിലിള്ള ഈഗോ പ്രശ്നം കാരണം കോടതിയുടെ സമയം നഷ്ടമാകുന്നുവെന്നും ഇത്തരം കേസുകൾ മറ്റ് ഹർജിക്കാർക്ക് നീതി നടപ്പിലാക്കുന്നതിൽ താമസം വരുത്തുമെന്ന നിരീക്ഷണത്തോടെയാണ് കോടതിയുടെ വിചിത്ര നടപടി. വയോധികരായ ഹർജിക്കാരുടെ ഈഗോയാണ് പരാതി തീർപ്പാകാത്തതിന് പിന്നിലെന്ന നിരീക്ഷണത്തോടെയാണ് നടപടി. ജസ്റ്റിസ് ജിതേന്ദ്ര ജെയിൻ ആണ് അസാധാരണ കാലയളവിലേക്ക് കേസ് നീട്ടിവച്ചത്. 90 വയസ്സായ പരാതിക്കാരിയും എതിർകക്ഷിയും തമ്മിലുള്ള കേസ് ഒത്തുതീർപ്പാക്കാൻ കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു.

എതിർകക്ഷി നിരുപാധികം മാപ്പപേക്ഷിക്കാൻ തയ്യാറായെങ്കിലും പരാതിക്കാരി കേസ് തുടർന്നു കൊണ്ടുപോകാൻ വാശി പിടിക്കുകയായിരുന്നു. ജീവിതത്തിന്റെ അവസാന ഘട്ടത്തിലുള്ളവരുടെ ഇത്തരം ഈഗോ പോരാട്ടങ്ങൾ കാരണം അടിയന്തരമായി പരിഗണിക്കേണ്ട മറ്റ് പല കേസുകളും മാറ്റിവയ്ക്കേണ്ടി വരുന്നുവെന്ന് ജസ്റ്റിസ് ജിതേന്ദ്ര ജെയിൻ വിമർശിച്ചു. ഇനി അടുത്ത 20 വർഷത്തേക്ക് ഈ കേസ് പരിഗണിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും മുതിർന്ന പൗരന്മാരാണെന്ന പരിഗണന നൽകി കേസിന് മുൻഗണന നൽകില്ലെന്നും കോടതി വ്യക്തമാക്കി. ഇതേത്തുടർന്നാണ് കേസ് 2046ലേക്ക് ലിസ്റ്റ് ചെയ്യാൻ ഉത്തരവിട്ടത്. എന്നാൽ പിന്നീട് പരാതിക്കാരിയുടെ അഭിഭാഷകന്റെ അഭ്യർത്ഥനയെത്തുടർന്ന് കോടതി ഈ ഉത്തരവ് പിൻവലിക്കുകയും കേസ് 2026 ജൂലൈ 15ലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം