ആരെ വിവാഹം കഴിക്കണം, എവിടെ ജീവിക്കണം, എവിടെ പഠിക്കണം എന്നതുസംബന്ധിച്ചെല്ലാം തീരുമാനമെടുക്കാനുള്ള പൂർണമായ അവകാശം പെൺകുട്ടിക്കാണെന്നും കോടതി വ്യക്തമാക്കി.
മുംബൈ: വീട്ടുകാർ വിവാഹത്തിന് നിർബന്ധിക്കുന്നതിനാൽ വീട് വിട്ടിറങ്ങിയ യുവതിക്ക് സംരക്ഷണം നൽകാൻ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി. തെലങ്കാന സ്വദേശിയായ 21-കാരിയുടെ ഹർജിയിലാണ് ബോംബെ ഹൈക്കോടതിയുടെ വിധി. 21 വയസ്സായ പ്രായപൂർത്തിയായ വ്യക്തിക്ക് അവളുടെ ജീവിതവും ഭാവിയും തീരുമാനിക്കാനുള്ള അവകാശമുണ്ടെന്ന് വ്യക്തമാക്കിയാണ് യുവതിക്ക് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടത്. ആരെ വിവാഹം കഴിക്കണം, എവിടെ ജീവിക്കണം, എവിടെ പഠിക്കണം എന്നതുസംബന്ധിച്ചെല്ലാം തീരുമാനമെടുക്കാനുള്ള പൂർണമായ അവകാശം പെൺകുട്ടിക്കാണെന്നും കോടതി വ്യക്തമാക്കി.
തന്നെക്കാൾ പത്തുവയസ്സ് കൂടുതലുള്ള, ബന്ധുകൂടിയായ യുവാവിനെ വിവാഹം കഴിക്കാൻ വീട്ടുകാർ നിർബന്ധിക്കുന്നുവെന്ന് ആരോപിച്ചാണ് 21-കാരി വീട് വിട്ടിറങ്ങിയത്. തെലങ്കാനയിലെ സ്വന്തം വീട്ടിൽനിന്ന് ഇറങ്ങിയ യുവതി മഹാരാഷ്ട്രയിൽ തന്നെ വളർത്തിയവരുടെ വീട്ടിലാണ് എത്തിയത്. തുടർന്നാണ് സംരക്ഷണം തേടി ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. ഇതിനിടെ, യുവതിയെ കാണാനില്ലെന്ന് കുടുംബം തെലങ്കാന പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് തന്നെ കണ്ടെത്തിയാൽ തിരികെ നാട്ടിലേക്ക് കൊണ്ടുപോകുമെന്നും വീട്ടുകാർ വിവാഹം കഴിപ്പിക്കുമെന്നും ചൂണ്ടിക്കാണിച്ചാണ് യുവതി ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഏതെങ്കിലും രീതിയിലുള്ള ഭീഷണിയിൽനിന്നോ ഉപദ്രവത്തിൽനിന്നോ തെലങ്കാന പൊലീസും മഹാരാഷ്ട്ര പൊലീസും തന്നെ സംരക്ഷിക്കണമെന്ന ഉത്തരവിടണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
യുവതിയുടെ ഹർജി അടിയന്തരമായി പരിഗണിച്ച കോടതി, യുവതിയെ ചേംബറിലേക്ക് വിളിച്ച് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. യുവതിയ്ക്ക് പക്വതയും കൃത്യമായ കാഴ്ചപ്പാടും ഉണ്ടെന്ന് ജഡ്ജിമാർക്ക് ബോധ്യപ്പെട്ടു. തുടർന്നാണ് യുവതിക്ക് സംരക്ഷണം നൽകാൻ ഉത്തരവിട്ടത്. യുവതിയുടെ പേരിലുള്ള മിസ്സിങ് കേസ് റദ്ദാക്കാനും ഭീഷണികളിൽനിന്നും വീട്ടിൽ തിരികെകൊണ്ടുപോകാനുള്ള ശ്രമങ്ങളിൽനിന്നും യുവതിക്ക് സംരക്ഷണം നൽകണമെന്നും ഹൈക്കോടതി പൊലീസിനോട് നിർദേശിച്ചിട്ടുണ്ട്.


