പഞ്ചാബിലെ തരൺ തരണിൽ അതിർത്തി കടന്നെത്തിയ രണ്ട് പാക് നുഴഞ്ഞുകയറ്റക്കാരെ ബിഎസ്എഫ് വധിച്ചു. മുന്നറിയിപ്പ് നൽകിയിട്ടും പിന്മാറാത്തതിനെ തുടർന്നാണ് സേന വെടിയുതിർത്തത്.

ചണ്ഡീഗഡ്: പഞ്ചാബിലെ തരൺ തരണിൽ അന്താരാഷ്ട്ര അതിർത്തി വഴി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച രണ്ട് പാക് നുഴഞ്ഞുകയറ്റക്കാരെ ബിഎസ്എഫ് വധിച്ചു. വെള്ളിയാഴ്ചയാണ് സംഭവം നടന്നതെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

ഉച്ചയോടെയാണ് അതിർത്തിയിൽ സംശയാസ്പദമായ രീതിയിൽ ആളനക്കം ബിഎസ്എഫ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ അവിടെയുണ്ടായിരുന്ന സേനാംഗങ്ങൾ ഇവർക്ക് മുന്നറിയിപ്പ് നൽകി. നിൽക്കാൻ ആവശ്യപ്പെട്ടിട്ടും നുഴഞ്ഞുകയറ്റക്കാർ അത് വകവെക്കാതെ ഇന്ത്യൻ അതിർത്തിയിലേക്ക് തന്നെ മുന്നോട്ട് വരികയായിരുന്നു. അപകടം മണത്തതോടെയാണ് ബിഎസ്എഫ് ഇവർക്ക് നേരെ വെടിയുതിർത്തത്.

വെടിവെപ്പിൽ രണ്ടുപേരും തൽക്ഷണം മരിച്ചു. കൊല്ലപ്പെട്ടവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി പഞ്ചാബ് പൊലീസിന് കൈമാറി. ബിഎസ്എഫും പഞ്ചാബ് പൊലീസും ചേർന്നാണ് തുടർനടപടികൾ സ്വീകരിക്കുന്നത്.

ഇവർ ആരാണെന്നും എന്തിനാണ് അതിർത്തി കടക്കാൻ ശ്രമിച്ചതെന്നും കണ്ടെത്താൻ വിശദമായ അന്വേഷണം നടന്നുവരികയാണ്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ബിഎസ്എഫും പാകിസ്ഥാൻ റേഞ്ചേഴ്സും തമ്മിൽ ഉടൻ തന്നെ ഒരു കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയതായി എഎൻഐ റിപ്പോർട്ട് ചെയ്തു.