Asianet News MalayalamAsianet News Malayalam

മംഗളൂരുവിൽ കര്‍ഫ്യൂ തുടരുന്നു; യെദ്യൂരപ്പയുടെ അധ്യക്ഷതയിൽ ഇന്ന് ഉന്നതയോഗം

സംഘർഷ സാധ്യത കണക്കിലെടുത്ത് നഗരത്തിൽ കര്‍ഫ്യൂ തുടരുകയാണ്. തിരിച്ചറിയൽ കാർഡുമായി എത്തുന്നവർക്ക് മാത്രമാണ് നഗരത്തിലേക്ക് പ്രവേശനം.

caa protest curfew in mangalore
Author
Mangalore, First Published Dec 21, 2019, 5:56 AM IST

മംഗളൂരു: പൗരത്വ നിയമഭേദഗതിക്കെതിരായി പ്രതിഷേധം തുടരുന്നതിനിടെ, കർണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ ഇന്ന്‌ മംഗളൂരുവിലെത്തും. സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുന്ന മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ  ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗവും ചേരും. ആഭ്യന്തര മന്ത്രി ബസവരാജ്‌ ബൊമ്മയും യെദിയൂരപ്പക്കൊപ്പമുണ്ടാകും. സംഘർഷ സാധ്യത കണക്കിലെടുത്ത് നഗരത്തിൽ കര്‍ഫ്യൂ തുടരുകയാണ്. തിരിച്ചറിയൽ കാർഡുമായി എത്തുന്നവർക്ക് മാത്രമാണ് നഗരത്തിലേക്ക് പ്രവേശനം അനുവദിക്കുന്നുള്ളൂ.

അതേസമയം, ദക്ഷിണ കന്നട ജില്ലയിൽ ഇന്റർനെറ്റ്‌ നിരോധനം ഇന്നും തുടരും. ചിക്മംഗളൂരു, ഹാസൻ ജില്ലകളിലെ ചില മേഖലകളിലും ഇന്റർനെറ്റ്‌ നിരോധനമുണ്ട്. അതിനിടെ വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ മുൻ മന്ത്രിയും കോൺഗ്രസ്‌ എം എൽ എയുമായ യു ടി ഖാദറിന് എതിരെ പൊലീസ് കേസെടുത്തു. പൗരത്വ നിയമ ഭേദഗതി നടപ്പാക്കിയാൽ കർണാടകം കത്തുമെന്നായിരുന്നു ഡിസംബർ 17ന് ഖാദറിന്റെ പ്രസംഗം. ഇതാണ് കഴിഞ്ഞ ദിവസം സംഘർഷത്തിലേക്ക് നയിച്ചതെന്ന യുവമോർച്ച നേതാവിന്റെ പരാതിയിലാണ് കേസ്. 

മംഗളൂരുവില്‍ ഇന്നലെ മലയാളി മാധ്യമപ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലാണ് മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തത്. മാധ്യമ സംഘത്തില്‍ നിന്ന് ക്യാമറ അടക്കമുള്ള ഉപകരണങ്ങള്‍ പൊലീസ് പിടിച്ചെടുത്തു. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ മുജീബ് റഹ്‍മാനും ക്യാറാമാൻ പ്രതീഷ് കപ്പോത്തും പൊലീസ് കസ്റ്റഡിയിലെടുത്ത സംഘത്തിലുണ്ടായിരുന്നു. ഇന്നലെ മംഗലാപുരത്ത് ഉണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന വെന്‍ലോക്ക് ആശുപത്രിക്ക് സമീപത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മാധ്യമപ്രവര്‍ത്തകരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഏഴ് മണിക്കൂറിലേറെ നേരം അനധികൃതമായി കസ്റ്റഡിയിൽ വച്ച ശേഷമാണ് ഇവരെ വിട്ടയച്ചത്. 

Also Read: മംഗളൂരുവിൽ കസ്റ്റഡിയിലെടുത്ത മാധ്യമ പ്രവര്‍ത്തകരെ വിട്ടയച്ചു: സംഘം തലപ്പാടിയിലെത്തി

Follow Us:
Download App:
  • android
  • ios