ദില്ലി കോർപ്പറേഷനുകളിൽ ആം ആദ്മി പാർട്ടി ഉയർത്തുന്ന വെല്ലുവിളി മറികടക്കാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് ബിജെപി

ന്യൂഡൽഹി: ഡൽഹിയിലെ മൂന്ന് മുനിസിപ്പൽ കോർപ്പറേഷനുകളെ ലയിപ്പിച്ച് ഒന്നാക്കാൻ വ്യവസ്ഥ ചെയ്യുന്ന ബില്ലിന് ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി. നിലവിലുള്ള മൂന്ന് കോർപ്പറേഷനുകളെ ഉൾപ്പെടുത്തി ഡൽഹിയിലെ ഏകീകൃത മുനിസിപ്പൽ കോർപ്പറേഷനാണ് ഭേദഗതി നിയമം വ്യവസ്ഥ ചെയ്യുന്നത്. ഈ ബജറ്റ് സമ്മേളനത്തിൽ തന്നെ ബിൽ പാർലമെൻ്റിൽ കേന്ദ്രം അവതരിപ്പിക്കാനാണ് സാധ്യത. 

ദില്ലിയിലെ മൂന്ന് കോർപ്പറേഷനുകളെ ഏകീകരിക്കുന്നത് ചൊല്ലി ബിജെപിയും ആം ആദ്മി പാർട്ടിയും തമ്മിൽ വലിയ തർക്കം നേരത്തെ നിലനിന്നിരുന്നു. ഏപ്രിലിൽ മൂന്ന് തദ്ദേശസ്ഥാപനങ്ങളിലും തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താ സമ്മേളനം വിളിച്ചതിന് തൊട്ടുപിന്നാലെ മൂന്ന് തദ്ദേശസ്ഥാപനങ്ങളും ഒന്നിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും തെരഞ്ഞെടുപ്പ് ഇപ്പോൾ പ്രഖ്യാപിക്കരുതെന്നും കേന്ദ്രസർക്കാർ ആവശ്യപ്പെട്ടത് വലിയ വാർത്തയായിരുന്നു. 

ഇന്ന് മന്ത്രിസഭ അംഗീകരിച്ച ബിൽ ഇനി പാർലമെൻ്റ പാസാക്കിയാൽ ഏകീകൃത ദില്ലി കോർപ്പറേഷൻ രൂപപ്പെടും. ഇതോടെ ദില്ലി കോർപ്പറേഷനുകളിൽ ആം ആദ്മി പാർട്ടി ഉയർത്തുന്ന വെല്ലുവിളി മറികടക്കാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് ബിജെപി. വലിയ കടബാധ്യതകളും വരവിലേയും ചെലവിലേയും അസമത്വവും കൃത്യമായി ശമ്പളവിതരണം നടക്കാത്തതും ഇതേ ചൊല്ലി ജീവനക്കാർ അടിക്കടി സമരം നടത്തുന്നതുമെല്ലാം ദില്ലി കോർപ്പറേഷനുകളുടെ സംയോജനത്തിന് കാരണമായി ആഭ്യന്തരമന്ത്രാലയം ചൂണ്ടിക്കാട്ടുന്നുണ്ട്.

2012 ഏപ്രിലിൽ ദില്ലി ഭരിച്ച ഷീലാ ദീക്ഷിത് സർക്കാരാണ് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ (എംസിഡി) മൂന്നായി വിഭജിച്ചത്. ഏകീകൃത എംസിഡിയെ മൂന്നായി വിഭജിക്കുന്നതിനായി 1957 ലെ ഡൽഹി മുനിസിപ്പൽ നിയമം 2012ൽ പാർലമെന്റ് ഭേദഗതി ചെയ്തിരുന്നു. മൂന്ന് എംസിഡികളും ലയിപ്പിക്കണമെന്ന ബിജെപിയുടെ ആവശ്യം പുതിയതല്ല, 2014ലും 2017ലും മുൻ കേന്ദ്രമന്ത്രി വിജയ് ഗോയൽ ഏകീകരണത്തിനായി പ്രചാരണം നടത്തിയിരുന്നു.