Asianet News MalayalamAsianet News Malayalam

കാര്‍ ട്രക്കിന് പിന്നിലേക്ക് ഇടിച്ചുകയറി, ഒരു കുടുംബത്തിലെ 4 പേര്‍ മരിച്ചു; ട്രക്ക് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു

ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരും സംഭവസ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടു. ദേവി സിങിന്റെ ഭാര്യ മാന്‍ഖൂര്‍ കന്‍വാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് അധികം കഴിയും മുമ്പേ മരണപ്പെടുകയായിരുന്നു.

car rammed into a heavy duty truck leaving four members of a family died driver escaped afe
Author
First Published Nov 12, 2023, 12:37 PM IST

കോട്ട: ദേശീയ പാതയിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു. അമിത വേഗത്തില്‍ വന്ന കാര്‍ ഒരു ട്രക്കിന് പിന്നിലേക്ക് ഇടിച്ചുകയറിയാണ് അപകടത്തില്‍പെട്ടത്. രാജസ്ഥാനിലെ ബുണ്ടി ജില്ലയില്‍ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം.

ദേശീയ പാത 52ലാണ് അപകടം ഉണ്ടായത്. മദ്ധ്യപ്രദേശില്‍ നിന്ന് രാജസ്ഥാനിലെ പുഷ്കറിലേക്ക് യാത്ര ചെയ്യുകയായിരുന്ന കുടുംബമാണ് കാറിലുണ്ടായിരുന്നത്. ഹിന്ദോലി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വെച്ചാണ് ഇവരുടെ വാഹനം ട്രക്കിന് പിന്നില്‍ ഇടിച്ചത്. മദ്ധ്യപ്രദേശ് അഗര്‍ - മാല്‍വ ജില്ലയിലെ ഗാഗുഖേദി ഗ്രാമത്തിലുള്ള ദേവി സിങ് (50), ഭാര്യ മാന്‍ഖൂര്‍ കന്‍വാര്‍ (45),ദേവി സിങിന്റെ സഹോദരന്‍  രാജാറാം (40), സഹോദരി പുത്രന്‍ ജിതേന്ദ്ര (20) എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം അമിത വേഗത്തിലായിരുന്നുവെന്ന് സംഭവ സമയം പരിസരത്തുണ്ടായിരുന്നവര്‍ പറഞ്ഞു. അര്‍ദ്ധരാത്രി 12.30ഓടെ ഇവരുടെ കാര്‍ ഇതേ റൂട്ടില്‍ സഞ്ചരിച്ചിരുന്ന ഒരു ഹെവി ഡ്യൂട്ടി ട്രക്കിന്റെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് ഹിന്ദോലി പൊലീസ് സ്റ്റേഷന്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മനോജ് സികര്‍വാല്‍ പറഞ്ഞു.

കാര്‍ നല്ല വേഗതയിലായിരുന്നതിനൊപ്പം മുന്നില്‍ പോയിരുന്ന ട്രക്ക് പെട്ടെന്ന് ബ്രേക്ക് ചെയ്തതായി തോന്നുണ്ടെന്നും അങ്ങനെയെങ്കില്‍ അതും അപകട കാരണമായിട്ടുണ്ടാവാമെന്നും പൊലീസ് പറയുന്നു. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരും സംഭവസ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടു. ദേവി സിങിന്റെ ഭാര്യ മാന്‍ഖൂര്‍ കന്‍വാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് അധികം കഴിയും മുമ്പേ മരണപ്പെടുകയായിരുന്നു. അപകടം ഉണ്ടായ ഉടന്‍ തന്നെ ട്രക്ക് ഡ്രൈവര്‍, വാഹനം റോഡില്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം തുടരുന്നതായി ഹിന്ദോലി പൊലീസ് സ്റ്റേഷന്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മനോജ് സികര്‍വാല്‍ പറഞ്ഞു. 

Read also: ബോധമറ്റു, ശ്വാസം നിലച്ചു, വെള്ളത്തിനടിയിൽ കമഴ്ന്നങ്ങനെ കിടന്നു, ഒടുവിൽ രണ്ടാം ജന്മം നൽകി അവരെത്തി!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Follow Us:
Download App:
  • android
  • ios