ദേശീയ 58ല്‍ പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അപകടം. ഡല്‍ഹിയില്‍ നിന്ന് ഹരിദ്വാറിലേക്ക് പോവുകയായിരുന്ന ആറ് സുഹൃത്തുക്കളാണ് കാറിലുണ്ടായിരുന്നത്. എല്ലാവരും മരിച്ചു.

ലക്നൗ: ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലുണ്ടായ വാഹനാപകടത്തില്‍ ആറ് പേര്‍ മരിച്ചു. പുലര്‍ച്ചെ നാല് മണിയോടെ ദേശീയ പാത 58ലുണ്ടായ അപകടമാണ് ആറ് പേരുടെ മരണത്തില്‍ കലാശിച്ചതെന്ന് ഉത്തര്‍പ്രദേശ് പൊലീസ് അറിയിച്ചു. ഡല്‍ഹിയില്‍ നിന്ന് ഹരിദ്വാറിലേക്ക് യാത്ര ചെയ്തിരുന്നവരാണ് കാറിലുണഅടായിരുന്നത്.

ദേശീയ പാതയിലൂടെ സഞ്ചരിക്കുകയായിരുന്ന ട്രക്കിന്റെ പിന്നിലേക്ക് കാര്‍ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ ഏതാണ്ട് പൂര്‍ണമായി തകര്‍ന്നു. കാറിന്റെ പകുതിയോളം ഭാഗം ട്രക്കിന്റെ അടിയിലേക്ക് ഇടിച്ചുകയറിയിരുന്നു. ക്രെയിനുകള്‍ ഉപയോഗിച്ചാണ് പൊലീസ് വാഹനം പുറത്തേക്ക് എടുക്കാന്‍ പൊലീസിന് സാധിച്ചത്. വാഹനം വെട്ടിപ്പൊളിച്ച് അതില്‍ നിന്ന് പുറത്തെടുത്തപ്പോഴേക്കും ആറ് യാത്രക്കാരും മരണപ്പെട്ടിരുന്നു. എല്ലാവരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നേരത്തെ തന്നെ എല്ലാവരുടെയും മരണം സംഭവിച്ചിരുന്നതായി ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നുവെന്ന് പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഡല്‍ഹിയിലെ ശാഹ്ദാര സ്വദേശികളാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവരുടെ ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ട്. ദേശീയ പാതയിലെ വളവിലാണ് അപകടം സംഭവിച്ചത്. നല്ല വേഗതയിലായിരുന്ന കാറിന് ഇവിടെ വെച്ച് നിയന്ത്രണം നഷ്ടമായിരിക്കാം എന്നാണ് അനുമാനിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. കാര്‍ ഡല്‍ഹി രജിസ്ട്രേഷനിലും ട്രക്ക് പഞ്ചാബ് രജിസ്ട്രേഷനിലുള്ളതുമായിരുന്നു. സുഹൃത്തുക്കളായ ആറ് പേരാണ് കാറിലുണ്ടായിരുന്നതെന്നാണ് വിവരം. ഇവരുടെ പേരുകളും അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടിന് വിട്ടിരിക്കുകയാണ്. 

രാജസ്ഥാനിലെ ബുണ്ടി ജില്ലയില്‍ ഞായറാഴ്ച പുലര്‍ച്ചെ സമാന തരത്തില്‍ മറ്റൊരു അപകടം സംഭവിച്ചിരുന്നു. അമിത വേഗത്തില്‍ വന്ന കാര്‍ ഒരു ട്രക്കിന് പിന്നിലേക്ക് ഇടിച്ചുകയറി ഒരു കുടുംബത്തിലെ നാല് പേരാണ് അവിടെ മരിച്ചത്. ദേശീയ പാത 52ലാണ് അപകടം ഉണ്ടായത്. മദ്ധ്യപ്രദേശില്‍ നിന്ന് രാജസ്ഥാനിലെ പുഷ്കറിലേക്ക് യാത്ര ചെയ്യുകയായിരുന്ന കുടുംബമാണ് കാറിലുണ്ടായിരുന്നത്. 

അര്‍ദ്ധരാത്രി 12.30ഓടെ ഇവരുടെ കാര്‍ ഇതേ റൂട്ടില്‍ സഞ്ചരിച്ചിരുന്ന ഒരു ഹെവി ഡ്യൂട്ടി ട്രക്കിന്റെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാര്‍ നല്ല വേഗതയിലായിരുന്നതിനൊപ്പം മുന്നില്‍ പോയിരുന്ന ട്രക്ക് പെട്ടെന്ന് ബ്രേക്ക് ചെയ്തതായി തോന്നുണ്ടെന്നും അങ്ങനെയെങ്കില്‍ അതും അപകട കാരണമായിട്ടുണ്ടാവാമെന്നും പൊലീസ് പറയുന്നു. പകടം ഉണ്ടായ ഉടന്‍ തന്നെ ട്രക്ക് ഡ്രൈവര്‍, വാഹനം റോഡില്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. 

Read also: ബസിടിച്ച് യുവാവ് മരിച്ചു: മൃതദേഹവുമായി നാട്ടുകാർ റോഡ് ഉപരോധിച്ചു, ബസിൽ യുവാവിന്‍റെ ഫ്ലക്സ് കെട്ടി പ്രതിഷേധം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...