നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സോനം വാങ്ചുക്ക് ആശുപത്രിയിൽ നിന്ന് വീഡിയോ സന്ദേശം പുറത്തുവിട്ടു. വിദ്യാർത്ഥികൾക്കെതിരായ പൊലീസ് നടപടി അവസാനിപ്പിക്കണമെന്നും കേസുകൾ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദില്ലി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് സിജെപി നടത്തുന്ന സമരം ശക്തമാവുന്നതിനിടെ ആശുപത്രിയിൽ നിന്നുള്ള ആദ്യ വീഡിയോ സന്ദേശം പുറത്തു വിട്ട് സാമൂഹ്യപ്രവർത്തകൻ സോനം വാങ്ചുക്ക്. പ്രതിഷേധക്കാർക്കു മേലുള്ള കേസുകൾ പിൻവലിക്കണമെന്നും പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്കുമേൽ പൊലീസ് അക്രമം അവസാനിപ്പിക്കണമെന്നും സോനം വാങ്ചുക് വീഡിയോ സന്ദേശത്തിൽ ആവശ്യപ്പെട്ടു. പ്രതിഷേധക്കാർക്ക് നേരെ അധികാരപ്രയോഗം നടത്തരുത്. ഈ ആവശ്യങ്ങളിൽ തീരുമാനമുണ്ടായാൽ മാത്രമേ നിരാഹാരം അവസാനിപ്പിക്കൂ എന്നും വാങ്ചുക്ക് വീഡിയോയിൽ പറയുന്നു.
അതേസമയം, കേന്ദ്ര സർക്കാർ നൽകിയ 2 ഉറപ്പുകൾ പാലിച്ചാൽ സമരം അവസാനിപ്പിക്കാമെന്ന് സോനം കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്. നീറ്റ് വിഷയത്തിൽ പാർലമെന്റിൽ ചർച്ച നടത്താമെന്നും വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ മാറ്റുന്ന കാര്യം ആലോചിക്കാമെന്നും സർക്കാർ അറിയിച്ചിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് സഹായധനം നൽകുന്നത് പരിഗണിക്കാമെന്ന വാഗ്ദാനവും സർക്കാർ നൽകിയിരുന്നു. ഈ രണ്ട് കാര്യങ്ങളും അടിയന്തരമായി നടപ്പാക്കിയാൽ നിരാഹാര സമരം അവസാനിപ്പിക്കാൻ തയ്യാറാണെന്നാണ് വാങ്ചുക്ക് കത്തിലൂടെ കേന്ദ്രത്തെ അറിയിച്ചിരിക്കുന്നത്.


