അന്വേഷണത്തിനായി സിബിഐക്ക് മുമ്പാകെ ഹാജരാകാൻ നിരവധി തവണ സമൻസുകൾ നൽകിയെങ്കിലും ഹാജാരാകാത്തതിനെ തുടർന്നാണ് സിബിഐ അറസ്റ്റ് ചെയ്തത്.
കൊൽക്കത്ത: പശുക്കടത്ത് കേസിൽ മമതാ ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസ് ഉന്നത നേതാവുമായ അനുബ്രത മൊണ്ഡാലിനെ സിബിഐ അറസ്റ്റ് ചെയ്തു. ബോൾപൂരിലെ വസതിയിൽ നിന്നാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. അന്വേഷണത്തിനായി സിബിഐക്ക് മുമ്പാകെ ഹാജരാകാൻ നിരവധി തവണ സമൻസുകൾ നൽകിയെങ്കിലും ഹാജാരാകാത്തതിനെ തുടർന്നാണ് സിബിഐ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിനായി മൊണ്ഡാലിനെ രാംപൂർഹട്ടിലെ സിബിഐയുടെ ക്യാമ്പ് ഓഫിസിലേക്ക് കൊണ്ടുപോയി. തുടർന്നാണ് അറസ്റ്റ് ചെയ്തത്. നേരത്തെ രണ്ട് തവണ കൊൽക്കത്ത ഓഫീസിൽ സിബിഐ മുമ്പാകെ മൊണ്ഡാൽ ഹാജരായെങ്കിലും പിന്നീട് നൽകിയ സമൻസ് ഒഴിവാക്കുകയായിരുന്നു.
സെക്ഷൻ 41 പ്രകാരം മൊണ്ഡാലിന് നോട്ടീസ് നൽകിയതായി സിബിഐ ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. നേതാവിന്റെ അടുത്ത അനുയായികളുടെ വസതികളിലും സിബിഐ റെയ്ഡ് നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേസിൽ തൃണമൂൽ നേതാവിന് നേരിട്ട് പങ്കുള്ളതായി കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം മുഖ്യപ്രതി ഇനാമുൽ ഹഖുമായി ബന്ധപ്പെട്ടിരുന്നതായും സിബിഐ അറിയിച്ചു. പശുക്കടത്ത് കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ ഉൾപ്പെടുത്തി സിബിഐ അടുത്തിടെ അനുബന്ധ കുറ്റപത്രം സമർപ്പിച്ചിരുന്നു.
62 കാരനായ മൊണ്ഡാൽ മുഖ്യമന്ത്രി മമത ബാനർജിയുടെയും ഏറ്റവും വിശ്വസ്തരിൽ ഒരാളാണ്. 1998-ൽ തൃണമൂൽ കോൺഗ്രസിന്റെ തുടക്കം മുതൽ മമതയുടെ കൂടെ അടിയുറച്ച് നിൽക്കുന്ന നേതാവാണ് മൊണ്ഡാൽ. അതേസമയം, ഇദ്ദേഹം തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടില്ല.
'ജനക്ഷേമവും ഖജനാവിന്‍റെ സാമ്പത്തിക ഞെരുക്കവും തമ്മില്‍ സന്തുലിതാവസ്ഥ ഉണ്ടായിരിക്കണം' സുപ്രീം കോടതി
വികാഷ് മിശ്ര, സൈഗാൾ ഹുസൈൻ, അബ്ദുൾ ലത്തീഫ് എന്നിവരെയും കുറ്റപത്രത്തിൽ ഉൾപ്പെടുത്തി. സൈഗാളും വികാഷും ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഇനാമുളും ഹൊസൈനും തമ്മിൽ നിരവധി ഫോൺവിളികൾ നടന്നതായി വ്യക്തമായതിനെ തുടർന്നാണ് ഹുസൈനെ അറസ്റ്റ് ചെയ്തത്. 2015 ഡിസംബർ മുതൽ 2017 ഏപ്രിൽ വരെ മാൾഡ ജില്ലയിൽ 20,000-ത്തിലധികം പശുക്കളെ കടത്താൻ ശ്രമിക്കവെ ബിഎസ്‌എഫ് പിടികൂടിയെന്നാണ് ആരോപണം. ഇനാമുൽ ഹഖ്, അനറുൾ എസ്‌കെ, എംഡി ഗുലാം മുസ്തഫ തുടങ്ങിയ വ്യാപാരികളുടെ ഒത്താശയോടെയാണ് കടത്തിയത്. അധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട് മന്ത്രി പാർഥ ചാറ്റർജി, സഹായി അർപ്പിത മുഖർജി എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു. ഒരുമാസത്തിനിടെ അറസ്റ്റിലാകുന്ന രണ്ടാമത്തെ ഉന്നത തൃണമൂൽ നേതാവാണ് അനുബ്രത മൊണ്ഡാൽ.
